ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് കഴിഞ്ഞ ദിവസം രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ബാറ്റിങ് ആരംഭിച്ചിരുന്നു. എട്ടാം ഓവറിൽ തന്നെ ഇന്ത്യയ്ക്ക് ഓപ്പണർ യശസ്വി ജെയ്‌സ്വാളിനെ നഷ്ടമായിരുന്നു. സന്ദർശകർക്ക് മികച്ച തുടക്കം നൽകിയതിന് ശേഷമായിരുന്നു താരത്തിന്റെ തിരിച്ച് നടത്തം.
ജെയ്‌സ്വാൾ 22 പന്തിൽ 28 റൺസാണ് രണ്ടാം ഇന്നിങ്സിൽ എടുത്തത്. ആറ് ഫോറുകളാണ് താരത്തിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നത്. മത്സരത്തിനിടെ ടെസ്റ്റിൽ 2000 റൺസെന്ന നാഴികക്കല്ലും ഇടം കൈയ്യൻ ബാറ്റർ പിന്നിട്ടിരുന്നു. താരം ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്നതിന്റെ രാഹുൽ ദ്രാവിഡിന്റെയും വിരേന്ദർ സേവാഗിന്റെയും റെക്കോഡിനൊപ്പം എത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജെയ്‌സ്വാൾ ജോഷ് ടംഗിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു.

ഇപ്പോൾ ജെയ്‌സ്വാളിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. നിലയുറപ്പിച്ചിരുന്നങ്കിൽ ജെയ്‌സ്വാളിന് സെഞ്ച്വറി നേടാമായിരുന്നുവെന്നും ടംഗിന്റെ പന്ത് പ്രതിരോധിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറയിലെ ക്രിക്കറ്റ് താരങ്ങൾ ഭയമില്ലാത്തവരാണെന്നും അഗ്രസീവായി കളിക്കുമ്പോൾ ഇടയ്ക്കിടെ കുറഞ്ഞ സ്‌കോറിൽ പുറത്താകുമെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.



