ഓവല്‍ ടെസ്റ്റിലെ ഇന്ത്യയുടെ വിജയത്തില്‍ വഴിത്തിരിവായത് ജോ റൂട്ടിനെ പുറത്താക്കിയതാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. കഴിഞ്ഞ ദിവസം സമാപിച്ച അഞ്ചാം ടെസ്റ്റില്‍ വിജയിച്ച് ഇന്ത്യ പരമ്പര സമനിലയിലാക്കിയിരുന്നു. മത്സരത്തില്‍ ആറ് റണ്‍സിന്റെ വിജയമാണ് സന്ദര്‍ശകര്‍ നേടിയത്.
ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്നിരുന്ന ഇംഗ്ലണ്ടിന് റൂട്ട് – ഹാരി ബ്രൂക്ക് സഖ്യം 195 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി വിജയപ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ നാലാം ദിവസം തന്നെ ഇരുവരെയും പുറത്താക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. ബ്രൂക്കായിരുന്നു ആദ്യം മടങ്ങിയത്.
പിന്നീട് വന്ന താരങ്ങളുമായി ചേര്‍ന്ന് റൂട്ട് ഇംഗ്ലണ്ടിന്റെ പോരാട്ടം ഏറ്റെടുത്തെങ്കിലും പ്രസിദ്ധ് കൃഷ്ണ താരത്തെ മടക്കുകയായിരുന്നു. ഈ നിമിഷത്തെയാണ് സോണി സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ മത്സരത്തിലെ വഴിത്തിരിവായി ഗവാസ്‌കര്‍ പരാമര്‍ശിച്ചത്.
‘ഹാരി ബ്രൂക്ക് ആ ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. എന്നാല്‍, റൂട്ടിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. കാരണം, റൂട്ടാണ് ഈ ടീമിനെ ഒരുമിച്ച് നിര്‍ത്തുന്ന ബാറ്റര്‍. ഡക്കറ്റ്, ക്രൗളി, ബ്രൂക്ക്, ജാമി സ്മിത്ത് തുടങ്ങിയ വെടിക്കെട്ട് കളിക്കാര്‍ അവര്‍ക്കുണ്ട്. പക്ഷേ ഈ ടീമിനെ ശരിക്കും ഒരുമിച്ച് നിര്‍ത്തിയ താരം ജോ റൂട്ടാണ്,’ ഗവാസ്‌കര്‍ പറഞ്ഞു.
ഇന്ത്യ പ്രതീക്ഷിച്ച പോലെ റൂട്ട് പുറത്തായതോടെ അനുഭവപരിചയമില്ലാത്ത രണ്ട് താരങ്ങളാണ് ബാറ്റ് ചെയ്യാന്‍ എത്തിയതെന്നും അത് സമ്മര്‍ദം ചെലുത്താന്‍ സഹായിച്ചുവെന്നും ഗവാസ്‌കര്‍ പറഞ്ഞു. അത് ഇന്ത്യ വിജയകരമായി ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അവസാന ദിവസത്തില്‍ പരമ്പര നേടാനും ജയിക്കാനും 35 റണ്‍സ് മാത്രമായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. ഏവരും ആതിഥേയര്‍ വിജയിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ത്യ തകര്‍പ്പന്‍ തിരിച്ച് വരവ് നടത്തുകയായിരുന്നു. ഫൈഫറുമായി തിളങ്ങിയ പേസര്‍ മുഹമ്മദ് സിറാജായിരുന്നു ഇന്ത്യയുടെ വിജയത്തില്‍ ചുക്കാന്‍ പിടിച്ചത്.
Content Highlight: Ind vs Eng: Sunil Gavaskar says that Joe Root’s dismissal is the turning point of fifth test