ഇത് പുതു ഇന്ത്യ; സിറാജിനെയും ആകാശ് ദീപിനെയും പ്രശംസിച്ച് മുൻ ഇന്ത്യൻ താരം
Tendulkar - Anderson Trophy
ഇത് പുതു ഇന്ത്യ; സിറാജിനെയും ആകാശ് ദീപിനെയും പ്രശംസിച്ച് മുൻ ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 5th July 2025, 10:30 am

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ 13 ഓവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെടുത്തിട്ടുണ്ട്.

ഓപ്പണർ യശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റാണ് സന്ദർശകർക്ക് നഷ്ടമായത്. 22 പന്തിൽ 28 റൺസെടുത്ത താരത്തെ ജോഷ് ടംഗാണ് പുറത്താക്കിയത്. കെ.എൽ രാഹുലും (38 പന്തിൽ 28) കരുൺ നായരുമാണ് (18 പന്തിൽ ഏഴ്) ഇന്ത്യക്കായി ക്രീസിലുള്ളത്.

നേരത്തെ, ഇന്ത്യ ഇംഗ്ലണ്ടിനെ 407ന് ഓൾ ഔട്ടാക്കിയിരുന്നു. ആതിഥേയർക്കായി ജെയ്മി സ്മിത്തും ഹാരി ബ്രൂക്കുമാണ് മിന്നും പ്രകടനം കാഴ്ച വെച്ചത്. സ്മിത് 207 പന്തിൽ പുറത്താകാതെ 184 റൺസെടുത്ത്‌ ഇംഗ്ലണ്ടിന്റെ രക്ഷകനായി. ബ്രൂക്ക് 234 പന്തില്‍ 17 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 158 റണ്‍സ് നേടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്.

ഇന്ത്യയ്ക്കായി ബൗളിങ്ങിൽ മിന്നും പ്രകടനം നടത്തിയത് മുഹമ്മദ് സിറാജും ആകാശ് ദീപുമാണ്. ആകാശ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ സിറാജ് ആറ് വിക്കറ്റുകളാണ്‌ നേടിയത്. ഇപ്പോൾ ഇവരുടെയും പ്രകടനത്തെ പ്രശംസിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഇത് പുതിയ ഇന്ത്യയാണെന്നും ഈ ടീം അഗ്രസീവാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ 10 വിക്കറ്റും നേടുന്നത് വളരെ വിരളമാണ്. ഇത് പുതിയ ഇന്ത്യയാണ്. വളരെ അഗ്രസീവായ ഇന്ത്യയാണ്,’ ഗവാസ്കർ പറഞ്ഞു.

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 587 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. കൂടാതെ, ജെയ്‌സ്വാളും രവീന്ദ്ര ജഡേജയും വാഷിംഗ്‌ടൺ സുന്ദറും മികച്ച പ്രകടനം നടത്തിയിരുന്നു.

Content Highlight: Ind vs Eng: Sunil Gavaskar praises Muhmmed Siraj and Akash Deep