ഇന്ത്യയ്ക്ക് ജയിക്കാം, അവർ ചെയ്യേണ്ടത് ഇതുമാത്രം; തുറന്നുപറഞ്ഞ് മുൻ ഇംഗ്ലണ്ട് താരം
Sports News
ഇന്ത്യയ്ക്ക് ജയിക്കാം, അവർ ചെയ്യേണ്ടത് ഇതുമാത്രം; തുറന്നുപറഞ്ഞ് മുൻ ഇംഗ്ലണ്ട് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th June 2025, 4:34 pm

ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്‌ലിയിൽ നടക്കുകയാണ്. അഞ്ചാം ദിവസം ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടരുകയാണ്. 371 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ വെച്ചിരിക്കുന്നത്.

ആറ് റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 364 റൺസിന് ഇംഗ്ലണ്ട് തളക്കുകയായിരുന്നു. കെ.എൽ. രാഹുലിന്റെയും റിഷബ് പന്തിന്റെയും കരുത്തിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്. ഇരുവരും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയിരുന്നു.

ഇപ്പോൾ മത്സരത്തിൽ ഇന്ത്യയാണ് ഫേവറിറ്റ്സ് എന്ന് പറയുകയാണ് മുൻ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ്. ഇംഗ്ലണ്ടിന് ന്യൂ ബോളിനെ നേരിടുകയെന്നത് നിർണായകമായിരിക്കുമെന്നും ഇന്ത്യയ്ക്ക് ജയിക്കാൻ ഒരു പത്ത് അവസരങ്ങൾ സൃഷ്ടിച്ച് അത് ഉപയോഗപ്പെടുത്തിയാൽ മതി എന്നും അദ്ദേഹം പറഞ്ഞു.

ഗിൽ തന്റെ ബൗളർമാരെ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്കൈ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു സ്റ്റുവർട്ട് ബ്രോഡ്.

‘ഇംഗ്ലണ്ടിന് ന്യൂ ബോളിനെ നേരിടുകയെന്നത് നിർണായകമായിരിക്കും. അഞ്ചാം ദിവസത്തെ പിച്ചിൽ ഇന്ത്യയാണ് ഫേവറിറ്റ്സ്. അവർക്ക് ഒരു പത്ത് അവസരങ്ങൾ സൃഷ്ടിച്ച് അത് ഉപയോഗപ്പെടുത്തിയാൽ മതി. ക്യാച്ച് ശരിയായി എടുത്താൽ മതി അവർക്ക് ജയിക്കാൻ.

എന്നിരുന്നാലും, ഇംഗ്ലണ്ട് തങ്ങളും ഫേവറിറ്റുകളാണെന്ന് വിശ്വസിക്കും. ഗിൽ തന്റെ ബൗളർമാരെ ഫലപ്രദമായി ഉപയോഗിക്കണം,’ ബ്രോഡ് പറഞ്ഞു.

നിലവിൽ അഞ്ചാം ദിനം പുരോഗമിക്കുമ്പോൾ വിക്കറ്റൊന്നും നഷ്ടമാവാതെ 42 റൺസാണ് നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനായി സാക്ക് ക്രോളിയും (45 പന്തിൽ 20) ബെൻ ഡക്കറ്റുമാണ് (42 പന്തിൽ 20) ക്രീസിൽ ബാറ്റ് ചെയ്യുന്നത്.

Content Highlight: Ind vs Eng: Stuart Broad says India is the favorites