ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ജൂലൈ പത്തിനാണ് മൂന്നാം മത്സരം ആരംഭിക്കുക. ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്സ് സ്റ്റേഡിയമാണ് വേദി. പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ മത്സരങ്ങള്‍ ജയിച്ച് സമനിലയിലാണ്.
രണ്ടാം മത്സരത്തില്‍ ജയിച്ചാണ് ഇന്ത്യ ഇംഗ്ലണ്ടിനൊപ്പമെത്തിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ മിന്നും പ്രകടനത്തിന്റെ മികവിലായിരുന്നു ഇന്ത്യയുടെ ചരിത്ര വിജയം. 336 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു സന്ദര്‍ശകര്‍ നേടിയത്.
ഇപ്പോള്‍ മൂന്നാം മത്സരത്തിന് മുമ്പ് ഗില്ലിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ബി.സി.സി.ഐ പ്രസിഡന്റും ഇന്ത്യന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലി. ഗില്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്തിട്ടേയുള്ളവെന്നും വരും മത്സരങ്ങളില്‍ സമ്മര്‍ദമേറുമെന്നും അദ്ദേഹം പറഞ്ഞു.
പരമ്പര സമനിലയിലാണെങ്കിലും മികച്ച രീതിയില്‍ കളിക്കുന്ന ഇന്ത്യയ്ക്ക് അടുത്ത മത്സരത്തില്‍ ആദ്യം മുതല്‍ തുടങ്ങേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ശുഭ്മന്‍ ഗില്‍ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. അതില്‍ എനിക്ക് അത്ഭുതമൊന്നുമില്ല. അവന്‍ ക്യാപ്റ്റനായിട്ടേയുള്ളൂ. ഇത് അവന്റെ ഹണിമൂണ്‍ കാലമാണ്. പക്ഷേ, ഭാവിയില്‍ സമ്മര്‍ദം വര്‍ധിക്കും. അടുത്ത മൂന്ന് മത്സരങ്ങളിലും അവന് വലിയ സമ്മര്‍ദമുണ്ടാകും.
പരമ്പര ഇപ്പോള്‍ സമനിലയിലാണ്. പക്ഷേ, ബാക്കിയുള്ള മത്സരങ്ങളില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇന്ത്യ മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. പക്ഷേ, അടുത്ത മത്സരത്തില്‍ അവര്‍ക്ക് ആദ്യം മുതല്‍ തുടങ്ങേണ്ടിവരും,’ ഗാംഗുലി പറഞ്ഞു.
കൂടാതെ, ഇന്ത്യയ്ക്ക് എക്കാലത്തും പ്രതിഭകളുണ്ടായിരുന്നുവെന്നും അവര്‍ ടീമില്‍ ശൂന്യത അനുഭവപ്പെട്ടപ്പോഴൊക്കെ ഈ താരങ്ങള്‍ നികത്തിയിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞിരുന്നു.
‘ഇന്ത്യയ്ക്ക് എല്ലാ കാലത്തും പ്രതിഭകളുണ്ടായിരുന്നു. ഗവാസ്‌കറിന് ശേഷം കപില്‍ ദേവ്, ടെന്‍ഡുല്‍ക്കര്‍ ദ്രാവിഡ്, കുംബ്ലെ എന്നിവരും പിന്നീട് കോഹ്ലിയുമെത്തി. ഇപ്പോള്‍ ഗില്‍, ജെയ്സ്വാള്‍, ആകാശ് ദീപ്, സിറാജ്, മുകേഷ് എന്നിവരുമുണ്ട്. എപ്പോഴെങ്കിലും ശൂന്യത വന്നാല്‍ അത് ഇവരൊക്കെ നികത്തിയിട്ടുണ്ട്,’ ഗാംഗുലി പറഞ്ഞു.
Content Highlight: Ind vs Eng: Sourav Ganguly warns Shubhman Gill