ക്യാപ്റ്റന്‍ ഗില്ലിന് റെക്കോഡ്; ലഞ്ചിന് മുമ്പേ ഇന്ത്യ സമ്മര്‍ദത്തിന്റെ പടുകുഴിയില്‍
Sports News
ക്യാപ്റ്റന്‍ ഗില്ലിന് റെക്കോഡ്; ലഞ്ചിന് മുമ്പേ ഇന്ത്യ സമ്മര്‍ദത്തിന്റെ പടുകുഴിയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 14th July 2025, 6:28 pm

 

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറക്കുന്നു. അഞ്ചാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 68.3 ഓവറില്‍ 81 റണ്‍സാണ് ഇന്ത്യയ്ക്ക് വിജയിക്കാന്‍ ആവശ്യമുള്ളത്.

193 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അനാവശ്യമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് സ്വയം സമ്മര്‍ദത്തിലേക്ക് വീഴുകയായിരുന്നു. നാലാം ദിവസം തന്നെ നാല് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് അഞ്ചാം ദിവസം ലഞ്ചിന് മുമ്പ് തന്നെ നാല് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അടക്കം ആരാധകരെ തീര്‍ത്തും നിരാശരാക്കി. ഒമ്പത് പന്ത് നേരിട്ട് ആറ് റണ്‍സുമായാണ് ഗില്‍ പുറത്തായത്.

മോശം സ്‌കോറിനാണ് പുറത്തായതെങ്കിലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ഗില്‍ സ്വന്തമാക്കിയത്.

ആറ് ഇന്നിങ്‌സില്‍ നിന്നും 607 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. 2002ല്‍ ആറ് ഇന്നിങ്‌സില്‍ നിന്നും 602 റണ്‍സടിച്ച രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡാണ് താരം തകര്‍ത്തത്.

ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരം

(താരം – ഇന്നിങസ് – റണ്‍സ് ശരാശരി – 100 | 50 – വര്‍ഷം എന്നീ ക്രമത്തില്‍)

ശുഭ്മന്‍ ഗില്‍ – 6 – 607 – 101.17 – 3|0 – 2025

രാഹുല്‍ ദ്രാവിഡ് – 6 – 602 – 100.33 – 3|1 – 2002

വിരാട് കോഹ്ലി – 10 – 593 – 59.30 – 2|3 – 2018

സുനില്‍ ഗവാസ്‌കര്‍ – 7 – 542 – 77.42 – 1|4 – 1979

രാഹുല്‍ ദ്രാവിഡ് – 8 – 461 – 76.83 – 3|0 – 2011

മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 192ന് പുറത്തായിരുന്നു. വാഷിഹ്ടണ്‍ സുന്ദറിന്റെ നാല് വിക്കറ്റ് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ആതിഥേയരെ ചെറിയ സ്‌കോറിന് പുറത്താക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കോ ഇംഗ്ലണ്ടിനോ ലീഡ് നേടാന്‍ സാധിക്കാതെ പോയതോടെ ഇന്ത്യയ്ക്ക് മുമ്പില്‍ 193 എന്ന വിജയലക്ഷ്യം കുറിക്കപ്പെട്ടു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് യശസ്വി ജെയ്‌സ്വാളിനെ തുടക്കത്തിലേ നഷ്ടമായി. ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെയാണ് ഓപ്പണര്‍ മടങ്ങിയത്. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ജെയ്മി സ്മിത്തിന് ക്യാച്ച് നല്‍കിയായിരുന്നു ജെയ്‌സ്വാളിന്റെ മടക്കം.

രണ്ടാം വിക്കറ്റില്‍ കരുണ്‍ നായരിനെ ഒപ്പം കൂട്ടി കെ.എല്‍. രാഹുല്‍ ഇന്നിങ്‌സ് കെട്ടിപ്പടുത്താനുള്ള ശ്രമം നടത്തി. എന്നാല്‍ ആ കൂട്ടുകെട്ടിനും ആതിഥേയര്‍ ആയുസ് നല്‍കിയില്ല. ടീം സ്‌കോര്‍ 41ല്‍ നില്‍ക്കവെ 14 റണ്‍സ് നേടിയ കരുണ്‍ നായരിനെ മടക്കി ബ്രൈഡന്‍ കാര്‍സ് കൂട്ടുകെട്ട് പൊളിച്ചു.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ (ഒമ്പത് പന്തില്‍ ആറ്) ബ്രൈഡന്‍ കാര്‍സും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ് ദീപിനെ (11 പന്തില്‍ ഒന്ന്) ബെന്‍ സ്റ്റോക്‌സും പുറത്താക്കിയതോടെ ഇന്ത്യ 58/4 എന്ന നിലയില്‍ നാലാം ദിവസം അവസാനിപ്പിച്ചു.

അഞ്ചാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടിയേറ്റു. റിഷബ് പന്തിനെ ക്ലീന്‍ ബൗള്‍ഡാക്കി ജോഫ്രാ ആര്‍ച്ചര്‍ ഇന്ത്യയുടെ ആത്മവിശ്വാസം തകര്‍ത്തു. 12 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

പിന്നാലെ കെ.എല്‍. രാഹുലിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ബെന്‍ സ്റ്റോക്‌സ് ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു. 39 റണ്‍സിനാണ് രാഹുല്‍ പുറത്തായത്.

പിന്നാലെ വാഷിങ്ടണ്‍ സുന്ദറിനെ ഒരു കിടിലന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി ജോഫ്രാ ആര്‍ച്ചര്‍ നാല് വര്‍ഷത്തിന് ശേഷം ടെസ്റ്റിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി.

53 പന്ത് ക്രീസില്‍ പിടിച്ചുനിന്ന നിതീഷ് കുമാര്‍ റെഡ്ഡിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് അവസാനമായി നഷ്ടപ്പെട്ടത്. 13 റണ്‍സെടുത്ത് നില്‍ക്കവെ ക്രിസ് വോക്‌സിന്റെ പന്തില്‍ ജെയ്മി സ്മിത്തിന് ക്യാച്ച് നല്‍കിയാണ് നിതീഷ് പുറത്തായത്. 22 റണ്‍സുമായി രവീന്ദ്ര ജഡേയും റണ്‍സൊന്നുമെടുക്കാതെ ജസ്പ്രീത് ബുംറയുമാണ് ക്രീസില്‍.

 

Content highlight: IND vs ENG: Shubman Gill tops the list of most runs by an Indian batter in a single series in England