ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാം മത്സരം ലണ്ടലിനെ ഓവലില്‍ തുടരുകയാണ്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യ ഇതിനോടകം തന്നെ 250+ റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്.
സെഞ്ച്വറി നേടിയ യശസ്വി ജെയ്‌സ്വാളിന്റെയും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ആകാശ് ദീപിന്റെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ജെയ്‌സ്വാള്‍ 165 പന്തില്‍ 118 റണ്‍സടിച്ചപ്പോള്‍ നൈറ്റ് വാച്ച്മാനായി കളത്തിലിറങ്ങിയ ആകാശ് ദീപ് 94 പന്തില്‍ 66 റണ്‍സും സ്വന്തമാക്കി.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഒമ്പത് പന്തില്‍ 11 റണ്‍സ് നേടിയാണ് മടങ്ങിയത്. ഗസ് ആറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ മടക്കം.
ഒരു ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും എണ്ണമറ്റ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് ഗില്‍ ഈ പരമ്പരയില്‍ തിളങ്ങിയത്. അഞ്ച് മത്സരത്തില്‍ നിന്നുമായി 754 റണ്‍സാണ് ഗില്‍ ഈ പര്യടനത്തില്‍ സ്വന്തമാക്കിയത്. ഇതിനൊപ്പം ഇന്ത്യയ്ക്ക് ഇതുവരെ വിജയിക്കാന്‍ സാധിക്കാതെ പോയ എഡ്ജ്ബാസ്റ്റണില്‍ മികച്ച വിജയം സമ്മാനിക്കാനും ഗില്ലിന് സാധിച്ചു.
⦿ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത് ബാറ്റര്‍ – 754 റണ്‍സ്
⦿ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍
⦿ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ വിസിറ്റിങ് ക്യാപ്റ്റന്‍
⦿ ഒരു ടെസ്റ്റ് പരമ്പരയില്‍ നാല് സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത് ക്യാപ്റ്റന്‍
⦿ ഒരു ടെസ്റ്റ് പരമ്പരയില്‍ നാല് സെഞ്ച്വറികള്‍ നേടുന്ന ആദ്യ വിസിറ്റിങ് ക്യാപ്റ്റന്‍
⦿ ഒരു ടെസ്റ്റ് പരമ്പരയില്‍ നാല് സെഞ്ച്വറി നേടുന്ന മൂന്നാമത് ഇന്ത്യന്‍ താരം
⦿ ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത് ബാറ്റര്‍ (എഡ്ജ്ബാസ്റ്റണില്‍ 430 റണ്‍സ്)
⦿ ഒരു ടെസ്റ്റ് മത്സരത്തില്‍ ഇരട്ട സെഞ്ച്വറിയും 150+ റണ്‍സും നേടുന്ന ആദ്യ താരം (269 & 161 – എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്)
⦿ ഒരു ടെസ്റ്റ് മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയില്ലാതെ 700+ റണ്‍സ് നേടുന്ന അഞ്ചാമത് താരം
⦿ ബെര്‍മിങ്ഹാമില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍
⦿ ഒരു ടെസ്റ്റ് മത്സരത്തില്‍ ട്വിന്‍ സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത് ഇന്ത്യന്‍ ക്യാപ്റ്റന്‍
⦿ സേനയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍
⦿ നാലാം നമ്പറില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍
⦿ ഏകദിനത്തിലും ടെസ്റ്റിലും ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത് താരം.
അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യ 69 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് എന്ന നിലയിലാണ്. 15 പന്തില്‍ ആറ് റണ്‍സുമായി ധ്രുവ് ജുറെലും 45 പന്തില്‍ 25 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
Content Highlight: IND vs ENG: Shubman Gill’s impressive records