രണ്ടാമത് പിഴച്ചെങ്കിലും ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി തുണച്ചു; ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ ചരിത്ര നേട്ടത്തില്‍ ഇനി ഗില്ലും
Sports News
രണ്ടാമത് പിഴച്ചെങ്കിലും ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി തുണച്ചു; ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ ചരിത്ര നേട്ടത്തില്‍ ഇനി ഗില്ലും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd June 2025, 6:07 pm

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്ലിയില്‍ തുടരുകയാണ്. ഈ പരമ്പരയില്‍ വിജയിക്കുന്ന ടീം പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫി ജേതാക്കളുമാകും.

മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ ഇന്ത്യ രണ്ടാം ഇന്നിങ്‌സിന് ബാറ്റിങ്ങിനിറങ്ങിയിരുന്നു. എന്നാല്‍ അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശനെയും ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെയും ഇന്ത്യയ്ക്ക് മൂന്നാം ദിവസം തന്നെ നഷ്ടപ്പെടുകയും ചെയ്തു.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ജെയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ വെറും നാല് റണ്‍സിനാണ് മടങ്ങിയത്. ഇന്നിങ്‌സിലെ നാലാം ഓവറില്‍ ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ ജെയ്മി ഓവര്‍ട്ടണ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്റെ വിക്കറ്റും (48 പന്തില്‍ 30) ആദ്യ ദിനം തന്നെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.

നാലാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. 16 പന്തില്‍ എട്ട് റണ്‍സുമായി നില്‍ക്കവെ ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഗില്‍ പുറത്തായത്.

ഇതോടെ ഒരു നേട്ടവും ഗില്ലിന്റെ പേരില്‍ കുറിക്കപ്പെട്ടു. ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് ഗില്‍ കരുത്ത് കാട്ടിയത്. ആദ്യ ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോററായതാണ് ഗില്ലിന് തുണയായത്.

ടെസ്റ്റ് ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – റണ്‍സ് എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ ഓരോ ഇന്നിങ്‌സിലെയും സ്‌കോര്‍)

വിരാട് കോഹ്‌ലി – 256 (115, 141)

വിജയ് ഹസാരെ- 164* (164*)

ശുഭ്മന്‍ ഗില്‍ – 155 (147, 8)

സുനില്‍ ഗവാസ്‌കര്‍ – 151 (116, 35*)

ദിലീപ് വെങ്‌സര്‍ക്കാര്‍ – 112 (10, 102)

ഹേമു അധികാരി – 103 (63, 40)

സൗരവ് ഗാംഗുലി – 84 (84)

അജിന്‍ക്യ രഹാനെ – 84 (46, 38*)

 

അതേസമയം, നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 153 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. 157 പന്തില്‍ 72 റണ്‍സുമായി കെ.എല്‍. രാഹുലും 59 പന്തില്‍ 31 റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസില്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 471 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത്, ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോരിലെത്തിയത്.

ഗില്‍ 227 പന്തില്‍ 147 റണ്‍സും പന്ത് 178 പന്തില്‍ നേരിട്ട് 134 റണ്‍സും അടിച്ചെടുത്തപ്പോള്‍ 159 പന്തില്‍ 101 റണ്‍സാണ് ജെയ്‌സ്വാള്‍ ടോട്ടലിലേക്ക് സംഭാവന നല്‍കിയത്.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിനായി ഒലി പോപ്പും (137 പന്തില്‍ 106), ഹാരി ബ്രൂക്കും (112 പന്തില്‍ 99) മികച്ച പ്രകടനം കാഴ്ചവെച്ചു. എങ്കിലും ആദ്യ ഇന്നിങ്‌സ് ലീഡ് നേടാന്‍ ഇത് മതിയാകുമായിരുന്നില്ല.

ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ 465ന് പുറത്താവുകയും ഇന്ത്യ ആറ് റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കുകയും ചെയ്തു.

 

 

Content Highlight: IND vs ENG: Shubman Gill joins the list of  most runs by Indian captain on test captaincy debut