ഗവാസ്‌കറിനെ രണ്ട് സിംഹാസനങ്ങളില്‍ നിന്നും പടിയിറക്കാം, ഒപ്പം ബ്രാഡ്മാനെയും; ചരിത്രമെഴുതാന്‍ ഗില്‍
Sports News
ഗവാസ്‌കറിനെ രണ്ട് സിംഹാസനങ്ങളില്‍ നിന്നും പടിയിറക്കാം, ഒപ്പം ബ്രാഡ്മാനെയും; ചരിത്രമെഴുതാന്‍ ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 31st July 2025, 3:20 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലണ്ടനിലെ ഓവലാണ് അവസാന ടെസ്റ്റിന് വേദിയാകുന്നത്.

പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് 2-1 എന്ന നിലയില്‍ മുമ്പിലാണ്. ലീഡ്സില്‍ നടന്ന ആദ്യ മത്സരത്തിലും ലോര്‍ഡ്സിലെ മൂന്നാം മത്സരത്തിലും ഇംഗ്ലീഷ് ആര്‍മി വിജയിച്ചപ്പോള്‍ ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കി. മാഞ്ചസ്റ്ററില്‍ മത്സരം സമനിലയിലും അവസാനിച്ചു.

 

വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ഓവലില്‍ പ്രതീക്ഷിക്കുന്നില്ല. അഥവാ പരാജയപ്പെടുകയോ മത്സരം സമനിലയില്‍ അവസാനിക്കുകയോ ചെയ്താല്‍ ഈ പരമ്പരയും ഇന്ത്യയ്ക്ക് നഷ്ടപ്പെടും. ഓവലില്‍ വിജയിച്ചാല്‍ 2-2ന് സീരീസ് സമനിലയിലെത്തിക്കാനും ഇന്ത്യയ്ക്ക് സാധിക്കും.

വിശ്വവിഖ്യാതമായ ഓവലില്‍ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിനെ പല റെക്കോഡ് നേട്ടങ്ങളും കാത്തിരിക്കുന്നുണ്ട്. ഇതിഹാസ താരങ്ങളായ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെയും സുനില്‍ ഗവാസ്‌കറിന്റെയും റെക്കോഡുകള്‍ തകര്‍ക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഗില്ലിന് മുമ്പിലുള്ളത്.

ഡൊണാള്‍ഡ് ബ്രാഡ്മാന്‍ | സുനില്‍ ഗവാസ്‌കര്‍

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നാല് പതിറ്റാണ്ടിലേറെ കാലം സുനില്‍ ഗവാസ്‌കര്‍ കയ്യടക്കിവെച്ച നേട്ടമാണ് ഇതില്‍ ആദ്യം. ഈ നേട്ടത്തിലെത്താന്‍ ഗില്ലിന് വേണ്ടതാകട്ടെ വെറും 11 റണ്‍സും.

നാല് മത്സരത്തില്‍ നിന്നും 722 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. 1978-79ല്‍ നടന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ നടന്ന 732 റണ്‍സാണ് ഈ റെക്കോഡില്‍ നിലവില്‍ ഒന്നാമതുള്ളത്.

ഇതിനൊപ്പം സുനില്‍ ഗവാസ്‌കറിന്റെ പേരില്‍ 54 വര്‍ഷമായി തുടരുന്ന മറ്റൊരു റെക്കോഡും ഗില്ലിന്റെ കണ്‍മുമ്പിലുണ്ട്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഗില്ലിന് മുമ്പിലുള്ളത്. ഓവലില്‍ 53 റണ്‍സ് കൂടി നേടിയാല്‍ ലിറ്റില്‍ മാസ്റ്ററിനെ മറികടന്ന് ബേബി ഗോട്ട് ഒന്നാമതെത്തും.

 

1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ഗവ്‌സാകര്‍ ഈ റെക്കോഡിലെത്തിയത്. നാല് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും അടക്കം 774 റണ്‍സാണ് ഗവാസ്‌കര്‍ സ്വന്തമാക്കിയത്. 154.80 ആയിരുന്നു താരത്തിന്റെ ശരാശരി.

ഈ പരമ്പരയിലെ എട്ട് ഇന്നിങ്‌സില്‍ നിന്നും 90.25 ശരാശരിയിലാണ് ഗില്‍ സ്‌കോര്‍ ചെയ്തത്. നാല് സെഞ്ച്വറിയടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

ഇതിനൊപ്പം തന്നെ ഇതിഹാസ താരം ഡൊണാള്‍ഡ് ബ്രാഡ്മാന്റെ റെക്കോഡും ഗില്ലിന് തകര്‍ക്കാന്‍ സാധിക്കും. ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കുന്ന ക്യാപ്റ്റന്‍ എന്ന നേട്ടത്തിലെത്താന്‍ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി ഗില്ലിന് 89 റണ്‍സടിച്ചാല്‍ മതി.

1936-37ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് ബ്രാഡ്മാന്‍ ചരിത്രം കുറിച്ച റണ്‍വേട്ട നടത്തിയത്. 90.00 ശരാശരിയില്‍ 810 റണ്‍സാണ് ഓസീസ് ലെജന്‍ഡ് അന്ന് അടിച്ചെടുത്തത്.

മത്സരത്തില്‍ ഒരു സെഞ്ച്വറി കൂടി നേടാന്‍ സാധിച്ചാല്‍ ഒരു ബൈലാറ്ററല്‍ പരമ്പരയില്‍ അഞ്ച് സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടവും ഗില്ലിന്റെ പേരില്‍ കുറിക്കപ്പെടും.

 

Content Highlight: IND vs ENG: Shubman Gill had chance to script history in Oval