ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള സ്‌ക്വാഡ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ 20 മുതല്‍ അഞ്ച് ടെസ്റ്റുകള്‍ക്കായാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തുന്നത്. രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും ടെസ്റ്റ് പടിയിറക്കത്തിന് ശേഷം ശുഭ്മന്‍ ഗില്ലിനെ നായകനാക്കിയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ഒരുങ്ങുന്നത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ക്യാപ്റ്റന്‍സിയേറ്റെടുത്തതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഗില്‍ സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ലോങ്ങര്‍ ഫോര്‍മാറ്റിലും ഷോര്‍ട്ടര്‍ ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്ന ക്യാപ്റ്റന്‍മാരുടെ എലീറ്റ് ലിസ്റ്റിലാണ് ഗില്‍ ഇടം നേടിയത്. ഈ നേട്ടത്തിലെത്തുന്ന എട്ടാമത് ക്യാപ്റ്റനാണ് ഗില്‍.
ടെസ്റ്റിലും ടി-20യിലും ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍മാര്‍
വിരേന്ദര്‍ സേവാഗ്
എം.എസ്. ധോണി
വിരാട് കോഹ്‌ലി
അജിന്‍ക്യ രഹാനെ
രോഹിത് ശര്‍മ
കെ.എല്‍. രാഹുല്‍
ജസ്പ്രീത് ബുംറ
ശുഭ്മന്‍ ഗില്‍*
ഈ പരമ്പരയില്‍ ശുഭ്മന്‍ ഗില്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ടീമിലെ യുവതാരങ്ങളെ കുറിച്ചും മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടിരുന്നു.
‘ഭാവിയെ കൂടി മുന്‍നിര്‍ത്തിയാണ് ഇന്ത്യ ഗില്ലിനെ ക്യാപ്റ്റന്‍സിയേല്‍പ്പിച്ചിരിക്കുന്നത്. മുഹമ്മദ് ഷമി ടീമിലില്ലാത്തത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.
ഇന്ത്യയുടേത് ഒരു യുവ നിരയാണെന്നാണ് തോന്നുന്നത്. എത്രത്തോളം യുവ നിരയെന്നാല്‍ കുറച്ചു വര്‍ഷങ്ങളിലേക്ക് ഇവര്‍ക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമാകാന്‍ സാധിക്കും,’ ബി.ബി.സി ടെസ്റ്റ് മാച്ച് സ്പെഷ്യലില്‍ വോണ്‍ പറഞ്ഞു.
വോണിന്റെ നിരീക്ഷണം ശരിവെക്കുന്നതാണ് ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്. ഈ സ്‌ക്വാഡില്‍ രണ്ടേ രണ്ട് താരങ്ങള്‍ മാത്രമാണ് 50 ടെസ്റ്റുകള്‍ കളിച്ചത്. രവീന്ദ്ര ജഡജേയും (80) കെ.എല്‍. രാഹുലും (58). മുഹമ്മദ് ഷമി ഇന്ത്യയ്ക്കായി 64 ടെസ്റ്റുകളില്‍ പന്തെറിഞ്ഞിട്ടുണ്ട്.