| Saturday, 2nd August 2025, 9:29 pm

രണ്ട് റണ്‍സിന് ഇംഗ്ലണ്ടിലെത്തി വെട്ടിയത് ഇംഗ്ലണ്ട് ഇതിഹാസത്തെ; ക്യാപ്റ്റന്‍ ഗില്‍ യൂ ബ്യൂട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഓവല്‍ ടെസ്റ്റില്‍ മികച്ച സ്‌കോര്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ കുതിപ്പ്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും ആകാശ് ദീപിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ഇന്ത്യ കുതിക്കുന്നത്.

ജെയ്സ്വാള്‍ 165 പന്തില്‍ 118 റണ്‍സടിച്ചപ്പോള്‍ നൈറ്റ് വാച്ച്മാനായി കളത്തിലിറങ്ങിയ ആകാശ് ദീപ് 94 പന്തില്‍ 66 റണ്‍സും സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സിലേതെന്ന പോലെ രണ്ടാം മത്സരത്തിനും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് തിളങ്ങാന്‍ സാധിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ 21 റണ്‍സ് നേടിയ താരത്തിന് രണ്ടാം ഇന്നിങ്‌സില്‍ 11 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

അവസാന മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും പരമ്പരയിലെ ശേഷിച്ച മത്സരങ്ങളില്‍ തകര്‍ത്തടിച്ച താരത്തിന്റെ പേരില്‍ ഇപ്പോള്‍ ഒരു ചരിത്ര നേട്ടം പിറന്നിരിക്കുകയാണ്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് ഗില്‍ ചരിത്രമെഴുതിയത്.

ഈ പരമ്പരയില്‍ നാല് സെഞ്ച്വറിയടക്കം 75.40 ശരാശരിയില്‍ പത്ത് ഇന്നിങ്‌സില്‍ നിന്നുമായി ഗില്‍ 754 റണ്‍സടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് ഗില്‍ ഈ റെക്കോഡിലും ഇടം പിടിച്ചത്.

ഇംഗ്ലണ്ട് ലെജന്‍ഡ് ഗ്രഹാം ഗൂച്ചിനെയാണ് ഈ ലിസ്റ്റില്‍ ഗില്‍ മറികടന്നത്. 1990ല്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു ഗൂച്ചിന്റെ ചരിത്ര റണ്‍വേട്ട.

ഗ്രഹാം ഗൂച്ച്

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്‍മാര്‍

(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 810 – 1936-37

ശുഭ്മന്‍ ഗില്‍ – ഇന്ത്യ – ഇംഗ്ലണ്ട് – 754 – 2025*

ഗ്രഹാം ഗൂച്ച് – ഇംഗ്ലണ്ട് – ഇന്ത്യ – 752 – 1990

സുനില്‍ ഗവാസ്‌കര്‍ – ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – 732 – 1978

ഡേവിഡ് ഗോവര്‍ – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ – 732 – 1985

അതേസമയം, 76 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. നിലവില്‍ 299 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്. 57 പന്തില്‍ 34 റണ്‍സുമായി കവീന്ദ്ര ജഡേജയും 45 പന്തില്‍ 34 റണ്‍സുമായി ധ്രുവ് ജുറെലുമാണ് ക്രീസില്‍.

Content Highlight: IND vs ENG: Shubman Gill becomes second-highest run-scorer by a captain in a Test series

We use cookies to give you the best possible experience. Learn more