ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ആരംഭിച്ചിരിക്കുകയാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ബൗളിങ് തെരഞ്ഞെടുത്തു.
ഒന്നാം ടെസ്റ്റിലെ പ്ലെയിങ് ഇലവനെ നിലനിർത്തിയാണ് ഇംഗ്ലണ്ട് രണ്ടാം അങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. അതേസമയം, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ആതിഥേയരെ നേരിടുന്നത്. കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഐ.പി.എൽ സെൻസേഷൻ സായ് സുദർശന് ടീമിലെ സ്ഥാനം നിലനിർത്താനായില്ല. ലീഡ്‌സിൽ മോശം പ്രകടനം നടത്തിയ ഓൾറൗണ്ടർ ഷർദുൽ താക്കൂറും ടീമിലില്ല.
കരുൺ നായരെ മൂന്നാം നമ്പറിൽ സ്ഥാനകയറ്റം നൽകിയപ്പോൾ നിതീഷ് കുമാർ റെഡ്ഡിയും വാഷിങ്ടൺ സുന്ദറും ടീമിലെത്തി. സൂപ്പർ പേസർ ജസ്പ്രീത് ബുംറയ്‌ക്ക് പകരമായി ആകാശ് ദീപാണ് ഇലവനിൽ ഇടം കണ്ടെത്തിയത്.
ചൈനമാൻ സ്പിന്നർ കുൽദീപ് യാദവിന് തുടർച്ചയായ രണ്ടാം മത്സരത്തിലും ടീമിൽ ഇടം പിടിച്ചില്ല. പല സീനിയർ താരങ്ങളും താരത്തെ രണ്ടാം ടെസ്റ്റിൽ ഉൾപ്പെടുത്തണമെന്നും അത് ടീമിന് ഗുണം ചെയ്യുമെന്നും പറഞ്ഞിരുന്നു.
മത്സരത്തിന് മുന്നോടിയായി കുൽദീപ് യാദവിന് എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്ന് ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ സംസാരിച്ചിരുന്നു. കുൽദീപ് യാദവിനെ കളിപ്പിക്കാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്ന് താരം പറഞ്ഞു. ലോവർ ഓർഡർ ബാറ്റിങ് ശക്തി പ്പെടുത്താനാണ് കുൽദീപിനെ ഉൾപ്പെടുത്താതിരുന്നതെന്നും ഗിൽ കൂട്ടിച്ചേർത്തു.
‘കുൽദീപ് യാദവിനെ കളിപ്പിക്കാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞ മത്സരത്തിൽ ഞങ്ങളുടെ ലോവർ ഓർഡർ നന്നായി ചെയ്തിരുന്നില്ല. അതിനാൽ ബാറ്റിങ് ശക്തിപ്പെടുത്തണമെന്ന് ഞങ്ങൾ കരുതി. അതുകൊണ്ടാണ് ഞങ്ങൾ ആ തീരുമാനം എടുത്തത്,’ ഗിൽ പറഞ്ഞു.
നിലവിൽ ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 74 റൺസെടുത്തിട്ടുണ്ട്. ഓപ്പണർ കെ.എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 26 പന്തിൽ രണ്ട് റൺസെടുത്ത താരം ക്രിസ് വോക്‌സിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു.
യശസ്വി ജെയ്‌സ്വാളും കരുൺ നായരുമാണ് ക്രീസിലുള്ളത്. ജെയ്‌സ്വാൾ 55 പന്തുകൾ നേരിട്ട് 45 റൺസെടുത്തപ്പോൾ കരുൺ 37 പന്തിൽ 26 റൺസാണ് നേടിയത്.