ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ഒന്നാം ടെസ്റ്റിന് ഇന്ന് തുടക്കമാവും. ഈ പര്യടനത്തിൽ അഞ്ച് മത്സരങ്ങളാണുള്ളത്. പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് കീഴിയിലാണ് ഇന്ത്യ തങ്ങളുടെ പുതിയ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിൾ ആരംഭിക്കുന്നത്. താരത്തിന് കൂട്ടായി വൈസ് ക്യാപ്റ്റന്റെ കുപ്പായത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തുമുണ്ട്.
ഇന്ത്യയ്ക്ക് മോശം ട്രാക്ക് റെക്കോഡുള്ള ഇംഗ്ലണ്ടിൽ ഒരു പരമ്പര വിജയം മോഹിച്ചാണ് അവരുടെ തട്ടകത്തിൽ ഗില്ലും സംഘവും ഇറങ്ങുന്നത്. 18 വർഷങ്ങൾക്ക് മുമ്പാണ് ഇംഗ്ലീഷ് പരീക്ഷയിൽ ഇന്ത്യ ഒരു പരമ്പര സ്വന്തമാക്കിയത്. ധോണിക്കും വിരാടിനും സാധിക്കാത്തത് ഗില്ലിനും യുവ ഇന്ത്യയ്ക്കും നേടാനാവുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിച്ചപ്പോൾ ടെസ്റ്റ് മത്സരങ്ങളിൽ വിജയിക്കുന്നതിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ഗിൽ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെയായ അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ വിജയിക്കുന്നതാണോ ഐ.പി.എൽ കിരീടം നേടുന്നതാണോ കൂടുതൽ മുൻഗണന നൽകുന്നതെന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ഇന്ത്യൻ നായകൻ.
ഇംഗ്ലണ്ടിൽ ക്യാപ്റ്റനായി കളിക്കാൻ എത്താൻ എപ്പോഴും കഴിയില്ലെന്നും ഏറ്റവും മികച്ച ക്യാപ്റ്റൻ മൂന്ന് അവസരങ്ങൾ വരെ ലഭിക്കാമെന്നും താരം അഭിപ്രായപ്പെട്ടു. അതിനാൽ എല്ലാ വർഷവുമുള്ള ഐ.പി.എല്ലിൽ കിരീടം നേടുന്നതിലേറെ സേന രാഷ്ട്രങ്ങളിലെ ടെസ്റ്റ് പരമ്പര വിജയത്തിനെയാണ് താൻ മികച്ചതായി കാണുന്നതെന്നും ഗിൽ കൂട്ടിച്ചേർത്തു.
‘തീർച്ചയായും അത് ടെസ്റ്റ് പരമ്പരയിലെ വിജയമാണ്. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ നിങ്ങൾക്ക് എപ്പോഴും ഇംഗ്ലണ്ടിൽ കളിക്കാൻ വരാൻ കഴിയില്ല. ചിലപ്പോൾ രണ്ട് അവസരങ്ങളോ അല്ലെങ്കിൽ അത്രയും മികച്ച ക്യാപ്റ്റനാണെങ്കിൽ മൂന്ന് അവസരമോ ലഭിക്കും.
പക്ഷേ, ഐ.പി.എൽ എല്ലാ വർഷവുമുണ്ടാവും. അതിൽ കപ്പ് നേടാനും ഓരോ വർഷവും അവസരമുണ്ട്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സൗത്ത് ആഫ്രിക്ക എന്നീ രാഷ്ട്രങ്ങളിൽ ടെസ്റ്റ് പരമ്പരകൾ ജയിക്കുന്നതിനതിനെയാണ് ഞാൻ ഏറ്റവും വലിയ നേട്ടമായി കാണുന്നത്,’ ഗിൽ പറഞ്ഞു.