ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവിൽ ഇന്ത്യ 84 ഓവറുകൾ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 309 റൺസ് നേടിയിട്ടുണ്ട്.
മത്സരത്തിൽ ഇന്ത്യയ്ക്കായി മിന്നും പ്രകടനമാണ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നടത്തുന്നത്. സെഞ്ച്വറി നേടിയാണ് താരം ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതുവരെ 214 പന്തുകൾ നേരിട്ട് 113 റൺസാണ് ഇന്ത്യൻ നായകൻ അടിച്ചു കൂടിയത്. 12 ഫോറുകളാണ് ഇതുവരെ താരത്തിന്റെ ബാറ്റിൽ നിന്ന് പിറവിയെടുത്തത്.
ഗിൽ ഈ പരമ്പരയിൽ രണ്ടാം വട്ടമാണ് മൂന്നക്കം കടക്കുന്നത്. ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിലും താരം സെഞ്ച്വറി നേടിയിരുന്നു. ഇതോടെ ഒരു എലൈറ്റ് ലിസ്റ്റിലും താരം ഇടം പിടിച്ചു. ടെസ്റ്റിൽ ക്യാപ്റ്റനായുള്ള ആദ്യ രണ്ട് മത്സരങ്ങളിൽ ഒന്നിലധികം സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിലാണ് ഗിൽ സ്വന്തം പേരും എഴുതി ചേർത്തത്.
ക്യാപ്റ്റനായുള്ള ആദ്യ രണ്ട് ടെസ്റ്റിൽ ഒന്നിലധികം സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരങ്ങൾ, സെഞ്ച്വറി
വിരാട് കോഹ്‌ലി – 3
സുനിൽ ഗവാസ്കർ – 2
വിജയ് ഹസാരെ – 2
ശുഭ്മൻ ഗിൽ – 2
നിലവിൽ ഗില്ലിനൊപ്പം രവീന്ദ്ര ജഡേജയാണ് ക്രീസിലുള്ളത്. താരം 67 പന്തിൽ നിന്ന് 41 റൺസ് നേടിയാണ് ബാറ്റിങ് തുടരുന്നത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയത് ഓപ്പണർ യശസ്വി ജെയ്‌സ്വാളാണ്. താരം 107 പന്തുകൾ നേരിട്ട് 87 റൺസാണ് എടുത്തത്. 13 ഫോറുകൾ അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
താരത്തിന് പുറമെ, മൂന്നാം നമ്പറിൽ എത്തിയ കരുൺ നായർ 50 പന്തിൽ 31 റൺസുമെടുത്തു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ ഓപ്പണർ കെ.എൽ രാഹുലും നിതീഷ് കുമാർ റെഡ്ഡിയും നിരാശപ്പെടുത്തി. രാഹുൽ 26 പന്തിൽ നിന്ന് രണ്ട് റൺസ് നേടിയപ്പോൾ നിതീഷ് ഒരു റൺസ് മാത്രമാണ് സ്കോർ ചെയ്തത്.
ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ബ്രൈഡന്‍ കാര്‍സ്, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ഷോയബ് ബഷീര്‍ എന്നിവർ ഓരോ വിക്കറ്റുകൾ നേടി.
ഇന്ത്യ പ്ലെയിങ് ഇലവൻ
യശസ്വി ജെയ്‌സ്വാൾ, കെ.എൽ രാഹുൽ, കരുൺ നായർ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷബ് പന്ത്(വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ