പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ട് ടീം മുന്നിലാണ്. ആദ്യ ടെസ്റ്റിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ത്രീ ലയൺസ് ലീഡ് നേടിയത്.
ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. രണ്ടാം മത്സരത്തിൽ ഇന്ത്യ ജയവും പരമ്പരയിൽ സമനിലയുമാണ് ലക്ഷ്യമിടുന്നത്.
രണ്ടാം മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെയുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. 15 അംഗ സ്‌ക്വാഡിൽ സൂപ്പർ താരം ജോഫ്ര ആർച്ചർ ഇടം പിടിച്ചിരുന്നു. 30കാരനായ വലം കൈയ്യൻ ഫാസ്റ്റ് ബൗളർ 2021 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്.
ആർച്ചർക്ക് ടെസ്റ്റിൽ എടുത്തു പറയത്തക്ക മികച്ച പ്രകടനങ്ങൾ ഒന്നുമില്ലെങ്കിലും താരത്തെ പേടിക്കേണ്ട ഒരാൾ ഇന്ത്യൻ നിരയിലുണ്ട്. വേറാരുമല്ല, ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലാണത്. ഇന്ത്യൻ നായകന് ഇംഗ്ലണ്ടിന്റെ പേസ് വജ്രായുധത്തിനെതിരെ വളരെ മോശം റെക്കോഡാണുള്ളത്.
വിവിധ ഫോർമാറ്റുകളിൽ ഗില്ലും ആർച്ചറും പത്ത് തവണയാണ് നേർക്കുനേർ വന്നത്. ഇതിൽ അഞ്ച് തവണയും താരം ഇന്ത്യൻ നായകനെ പുറത്താക്കിയിട്ടുണ്ട്. ഈ ഇന്നിങ്‌സുകളിൽ ആർച്ചർക്കെതിരെ ഗില്ലിന് 53 റൺസും 10.6 ശരാശരിയുമാണുള്ളത്.
ടെസ്റ്റിൽ ഇരുവരും 2021ൽ ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിലാണ് നേരിട്ടത്. ആ പരമ്പരയിൽ മൂന്ന് ഇന്നിങ്സിൽ രണ്ട് തവണയാണ് ആർച്ചർ ഗില്ലിന്റെ വിക്കറ്റെടുത്തത്. അന്ന് ഇന്ത്യൻ താരത്തിന് ഒമ്പത് ശരാശരിയിൽ 18 റൺസ് മാത്രമാണ് നേടാനായത്.
ടി – 20 ക്രിക്കറ്റാണ് ഗില്ലും ആർച്ചറും ഏറ്റുമുട്ടിയ മറ്റൊരു ഇടം. ക്രിക്കറ്റിന്റെ ചെറിയ ഫോർമാറ്റിൽ ആറ് ഇന്നിങ്സിൽ ഗിൽ ആർച്ചറുടെ മുന്നിൽ വീണത് മൂന്ന് തവണയാണ്. താരത്തിന് ഇംഗ്ലണ്ട് പേസർക്കെതിരെ 16 റൺസും 5.3 ശരാശരിയുമാണുള്ളത്.
അതേസമയം, രണ്ടാം ടെസ്റ്റിൽ ജോഫ്ര ആർച്ചർ ഇംഗ്ലണ്ട് നിരയിലുണ്ടാകുമോയെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. പക്ഷേ, പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചാൽ ആരാധകർ മികച്ച പോരാട്ടം കാണാനാവും.
Content Highlight: Ind vs Eng: Shubhman Gill has a poor record against Jofra Archer