ഈ ക്യാപ്റ്റൻ പൊളിയാണല്ലോ! ഇതേ മറ്റൊരു റെക്കോഡും ഗിൽ തൂക്കിയിട്ടുണ്ട്
Tendulkar - Anderson Trophy
ഈ ക്യാപ്റ്റൻ പൊളിയാണല്ലോ! ഇതേ മറ്റൊരു റെക്കോഡും ഗിൽ തൂക്കിയിട്ടുണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th July 2025, 2:21 pm

ടെൻഡുൽക്കർ -ആൻഡേഴ്സൺ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ബെർമിങ്ഹാമിന്റെ എഡ്ജ്ബാസ്റ്റണിൽ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തിൽ രണ്ടാം ദിനം ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ സ്കോർ പടുത്തുയർത്തിയിരുന്നു. നായകൻ ശുഭ്മൻ ഗില്ലിന്റെ കരുത്തിലാണ് സന്ദർശകർ 587 എന്ന വലിയ സ്കോറെടുത്തത്. ഇരട്ട സെഞ്ച്വറി നേടിയാണ് ഇന്ത്യൻ നായകൻ ആരാധകർക്ക് വിരുന്നൊരുക്കിയത്. താരത്തിന്റെ കഴിവിനെ സംശയിച്ചവർക്ക് കൂടിയുള്ള മറുപടിയായിരുന്നു ഈ തകർപ്പൻ ഇന്നിങ്‌സ്.

രണ്ടാം മത്സരത്തിൽ ഗിൽ 387 പന്തുകൾ നേരിട്ട് 269 റൺസാണ് അടിച്ചെടുത്തത്. മൂന്ന് സിക്‌സറും 30 ഫോറും അടങ്ങുന്നതായിരുന്നു നായകന്റെ ഇന്നിങ്‌സ്. ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെ ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ, സേന രാഷ്ട്രങ്ങളിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ തുടങ്ങിയ നിരവധി റെക്കോഡുകൾ സ്വന്തമാക്കിയിരുന്നു.

ഇപ്പോൾ പുതിയ നേട്ടവും ഗിൽ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിൽ 250 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ നായകൻ എന്ന ബഹുമതിയാണ് താരം തന്റെ റെസ്യൂമെയിൽ എഴുതി ചേർത്തത്. സൗത്ത് ആഫ്രിക്കയുടെ ഇതിഹാസ നായകൻ ഗ്രെയാം സ്മിത്താണ് ഈ ലിസ്റ്റിൽ ഒന്നാമത്.

ടെസ്റ്റിൽ 250 റൺസ് നേടുന്ന പ്രായം കുറഞ്ഞ ക്യാപ്റ്റന്മാർ

(നായകൻ – പ്രായം – ടീം – എതിരാളി – വർഷം എന്നീ ക്രമത്തിൽ)

ഗ്രെയാം സ്മിത്ത് – 22 വയസ് 173 ദിവസം – സൗത്ത് ആഫ്രിക്ക – ഇംഗ്ലണ്ട് – 2003

ശുഭ്മൻ ഗിൽ – 25 വയസ് 297 ദിവസം – ഇന്ത്യ – ഇംഗ്ലണ്ട് – 2025

പീറ്റർ മെയ് – 27 വയസ് 150 ദിവസം – ഇംഗ്ലണ്ട് – വെസ്റ്റ് ഇൻഡീസ് – 1957

ഡോൺ ബ്രാഡ്മാൻ – 28 വയസ് 127 ദിവസം – ഓസ്ട്രേലിയ – ഇംഗ്ലണ്ട് – 1937

മാർട്ടിൻ ക്രൗ – 28 വയസ് 131 ദിവസം – ന്യൂസിലാൻഡ് – ശ്രീലങ്ക – 1991

മത്സരത്തിൽ നായകന് പുറമെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ രവീന്ദ്ര ജഡേജയും ഓപ്പണർ യശസ്വി ജെയ്‌സ്വാളും വാഷിങ്ടൺ സുന്ദറും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഏഴാമനായി ഇറങ്ങിയ ജഡേജ 137 പന്തില്‍ 10 ഫോറും ഒരു സിക്സറും ഉള്‍പ്പടെ 89 റണ്‍സാണ് നേടിയത്. ജെയ്‌സ്വാൾ 107 പന്തുകളില്‍ 13 ബൗണ്ടറികള്‍ ഉള്‍പ്പെടെ 87 റണ്‍സാണ് ഇന്ത്യൻ സ്കോറിലേക്ക് ചേർത്തത്. സുന്ദർ 103 പന്തില്‍ 42 റൺസും എടുത്തു.

നിലവിൽ ഇംഗ്ലണ്ട് അവരുടെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. രണ്ടാം ദിനം അവസാനിക്കുമ്പോൾ ആതിഥേയർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 77 റൺസാണ് നേടിയത്. ജോ റൂട്ടും ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.

Content Highlight: Ind vs Eng: Shubhman Gill became the second youngest captain to 250 runs in Test