ഗില്ലിന്റെ തേരോട്ടത്തിൽ ചാരമായി ഇതിഹാസങ്ങൾ; ഇങ്ങനെയൊരു ഇന്ത്യക്കാരൻ ആദ്യം!
Sports News
ഗില്ലിന്റെ തേരോട്ടത്തിൽ ചാരമായി ഇതിഹാസങ്ങൾ; ഇങ്ങനെയൊരു ഇന്ത്യക്കാരൻ ആദ്യം!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th July 2025, 2:26 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മത്സരത്തിലെ നാലാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുയർത്തിയ 608 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ആതിഥേയർക്ക് മൂന്ന് വിക്കറ്ററുകൾ നഷ്ടമായി. 16 ഓവറുകളിൽ ബാറ്റ് ചെയ്ത് 72 റൺസ് എടുക്കുന്നതിനിടെയാണ് ത്രീ ലയൺസിന്റെ മൂന്ന് പേർ കൂടാരം കയറിയത്.

നേരത്തെ, രണ്ടാം ഇന്നിങ്സിൽ സന്ദർശകർ ആറ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസ് അടിച്ചെടുത്തിരുന്നു. ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. 162 പന്തില്‍ എട്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടെ 161 റണ്‍സാണ് താരം നേടിയത്. ഇതിന് പുറമെ താരം മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ 269 റണ്‍സ് നേടി ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. അതോടെ താരത്തിന്റെ ഈ മത്സരത്തിലെ സ്കോർ 430 ആയി.

ഇതിന് പിന്നാലെ ഗിൽ ഒരു സൂപ്പർ നേട്ടവും സ്വന്തമാക്കി. ഒരു മത്സരത്തിൽ 400 റൺസിന് മുകളിൽ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററാകാൻ താരത്തിന് സാധിച്ചത്. കൂടാതെ, ഗിൽ ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ലോകത്തെ രണ്ടാമത്തെ താരമാവുകയും ചെയ്തു. മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റർ മാർക്ക് ടെയ്‌ലറെ മറികടന്നാണ് ഗിൽ ഈ നേട്ടത്തിലെത്തിയത്.

ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങൾ

(റൺസ് – താരം – ടീം – എതിരാളി – വേദി – വർഷം എന്നീ ക്രമത്തിൽ)

456 – ഗ്രഹാം ഗൂച്ച് – ഇംഗ്ലണ്ട് – ഇന്ത്യ – ലോർഡ്‌സ് – 1990

430 – ശുഭ്മൻ ഗിൽ – ഇന്ത്യ – ഇംഗ്ലണ്ട് – ബെർമിങ്ഹാം – 2025

426 – മാർക്ക് ടെയ്‌ലർ – ഓസ്ട്രേലിയ – പാകിസ്ഥാൻ – പെഷവാർ – 1998

424 -കുമാർ സംഗക്കാര – ശ്രീലങ്ക – ബംഗ്ലാദേശ് – ചിറ്റഗോങ് – 2014

400 – ബ്രയാൻ ലാറ – വെസ്റ്റ് ഇൻഡീസ് – ഇംഗ്ലണ്ട് – സെന്റ് ജോൺസ് – 2004

ഗില്ലിന് പുറമെ രവീന്ദ്ര ജഡേജ 118 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 69 റണ്‍സ് നേടി പുറത്താകാതെ നിന്നു.

മാത്രമല്ല വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചാണ് വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തും മടങ്ങിയത്. 58 പന്തില്‍ മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 65 റണ്‍സായിരുന്നു പന്ത് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ 84 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടെ 55 റണ്‍സും നേടിയാണ് പുറത്തായത്.

ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടംഗ്, ഷൊയിബ് ബഷീര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ബ്രൈഡന്‍ കാഴ്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Ind vs Eng: Shubhman Gill became the score batter to score most runs in a single Test match