ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മത്സരത്തിലെ നാലാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുയർത്തിയ 608 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ആതിഥേയർക്ക് മൂന്ന് വിക്കറ്ററുകൾ നഷ്ടമായി. 16 ഓവറുകളിൽ ബാറ്റ് ചെയ്ത് 72 റൺസ് എടുക്കുന്നതിനിടെയാണ് ത്രീ ലയൺസിന്റെ മൂന്ന് പേർ കൂടാരം കയറിയത്.
നേരത്തെ, രണ്ടാം ഇന്നിങ്സിൽ സന്ദർശകർ ആറ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസ് അടിച്ചെടുത്തിരുന്നു. ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. 162 പന്തില്‍ എട്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടെ 161 റണ്‍സാണ് താരം നേടിയത്. നേരിട്ട 129ാം പന്തിലാണ് ഗില്‍ തന്റെ എട്ടാം ടെസ്റ്റ് സെഞ്ച്വറി നേടിയത്. ഷൊയിബ് ബഷീറാണ് താരത്തിന്റെ വിക്കറ്റ് നേടിയത്.
മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഗില്‍ 269 റണ്‍സ് നേടി ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോള്‍ 161 റണ്‍സ് നേടിയതോടെ ഈ പരമ്പരയിലെ മൂന്നാം സെഞ്ച്വറി കൂടിയാണ് താരം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലും ഗിൽ സെഞ്ച്വറി നേടിയിരുന്നു. ഇംഗ്ലണ്ടിൽ അവരുടെ സ്വന്തം മണ്ണിൽ കഴിവ് തെളിയിച്ചതിന് പുറമെ മറ്റൊരു സൂപ്പര്‍ റെക്കോഡാണ് ഗില്‍ തൂക്കിയത്.
ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന സന്ദർശക ടീമിന്റെ ക്യാപ്റ്റന്മാരുടെ ലിസ്റ്റിലാണ് ഇന്ത്യൻ നായകൻ ഇടം പിടിച്ചത്. ഇതിഹാസങ്ങൾ മാത്രമുള്ള ലിസ്റ്റിൽ നാലാമനായാണ് ഗിൽ തന്റെ പേര് എഴുതി ചേർത്തത്.
ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ സന്ദർശക ടീം ക്യാപ്റ്റന്മാർ, എണ്ണം
ഗില്ലിന് പുറമെ രവീന്ദ്ര ജഡേജ 118 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 69 റണ്‍സ് നേടി പുറത്താകാതെ നിന്നു.
മാത്രമല്ല വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചാണ് വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തും മടങ്ങിയത്. 58 പന്തില്‍ മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 65 റണ്‍സായിരുന്നു പന്ത് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ 84 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടെ 55 റണ്‍സും നേടിയാണ് പുറത്തായത്.