ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആതിഥേയർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 77 റൺസാണ് നേടിയത്. ജോ റൂട്ടും ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587 റൺസെടുത്തിരുന്നു. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 387 പന്തുകൾ നേരിട്ട് 269 റൺസ് എടുത്താണ് താരം ക്രിക്കറ്റ് ആരാധകർക്ക് വിരുന്നൊരുക്കിയത്. മൂന്ന് സിക്‌സറും 30 ഫോറും അടങ്ങുന്നതായിരുന്നു നായകന്റെ ഇന്നിങ്‌സ്.
ഈ ഇന്നിങ്‌സിലൂടെ ഒരു സുവർണ നേട്ടവും ഇന്ത്യൻ നായകൻ ഗിൽ സ്വന്തമാക്കി. സേന (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ) രാഷ്ട്രങ്ങളിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ എന്ന റെക്കോഡാണ് രണ്ടാം ടെസ്റ്റിൽ ഗിൽ സ്വന്തം പേരിൽ ചാർത്തിയത്.
കൂടാതെ, ഈ രാഷ്ട്രങ്ങളിൽ ഏറ്റവും ഉയർന്ന റൺസ് നേടിയ ഏഷ്യൻ ക്യാപ്റ്റന്മാരുടെ ലിസ്റ്റിൽ ഒന്നാമനാവാനും താരത്തിന് സാധിച്ചു. ശ്രീലങ്കൻ നായകൻ തിലകരത്‌നെ ദിൽഷന്റെ റെക്കോർഡ് തകർത്താണ് ഈ നേട്ടത്തിൽ തലപ്പത്തെത്തിയത്.
സേന രാഷ്ട്രങ്ങളിൽ ടെസ്റ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ ഏഷ്യൻ ക്യാപ്റ്റന്മാർ
269 – ശുഭ്മൻ ഗിൽ – ഇന്ത്യ – ബെർമിങ്ഹാം – 2025
193 -തിലകരത്‌നെ ദിൽഷൻ – ശ്രീലങ്ക – ലോർഡ്‌സ് – 2011
മത്സരത്തിൽ നായകന് പുറമെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ രവീന്ദ്ര ജഡേജയും ഓപ്പണർ യശസ്വി ജെയ്‌സ്വാളും വാഷിങ്ടൺ സുന്ദറും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഏഴാമനായി ഇറങ്ങിയ ജഡേജ 137 പന്തില്‍ 10 ഫോറും ഒരു സിക്സറും ഉള്‍പ്പടെ 89 റണ്‍സാണ് നേടിയത്. ജെയ്‌സ്വാൾ 107 പന്തുകളില്‍ 13 ബൗണ്ടറികള്‍ ഉള്‍പ്പെടെ 87 റണ്‍സാണ് ഇന്ത്യൻ സ്കോറിലേക്ക് ചേർത്തത്. സുന്ദർ 103 പന്തില്‍ 42 റൺസും എടുത്തു.
Content Highlight: Ind vs Eng: Shubhman Gill became first Asian Captain to score double century in SENA countries