സിറാജിനെക്കാളും മികച്ച താരമാണവൻ; തുറന്നുപറഞ്ഞ് മഞ്ജരേക്കർ
Sports News
സിറാജിനെക്കാളും മികച്ച താരമാണവൻ; തുറന്നുപറഞ്ഞ് മഞ്ജരേക്കർ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd June 2025, 7:27 am

ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫി ഇംഗ്ലണ്ടിലെ ഹെഡിങ്‌ലിയില്‍ തുടരുകയാണ്. പരമ്പരയിലെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയിട്ടുണ്ട്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 റൺസാണ് ഇന്ത്യ എടുത്തിട്ടുള്ളത്. നിലവിൽ 75 പന്തിൽ 47 റൺസെടുത്ത കെ.എൽ. രാഹുലും പത്ത് പന്തുകൾ നേരിട്ട് ആറ് റൺസുമായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമാണ് ക്രീസിലുള്ളത്.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോർ പിൻതുടർന്ന ഇംഗ്ലണ്ട് ആറ് റൺസ് അകലെ ഓൾ ഔട്ടായിരുന്നു. ഇംഗ്ലണ്ടിന് 465 റൺസ് മാത്രമെടുക്കാനാണ് സാധിച്ചത്. ഇന്ത്യയ്ക്കായി ഇംഗ്ലണ്ടിനെ വലിഞ്ഞ് മുറുക്കി മിന്നും പ്രകടനം നടത്തിയത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ഫൈഫര്‍ നേടിയാണ് സ്റ്റാര്‍ പേസര്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്.

താരത്തിന് പുറമെ പ്രസിദ്ധ് കൃഷ്ണയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകളാണ് താരം പിഴുതെടുത്തത്.

ഇപ്പോൾ മുഹമ്മദ് സിറാജിനേക്കാൾ മികച്ചത് പ്രസിദ്ധ് കൃഷ്ണയാണ് എന്ന് തുറന്നുപറയുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ഈ ടെസ്റ്റ് മത്സരത്തിൽ പ്രസിദ്ധ് കൃഷ്ണ വളരെ മെച്ചപ്പെട്ടതായി തോന്നുന്നുവെന്നും സിറാജിനേക്കാളും ഷർദുൽ താക്കൂറിനേക്കാളും ശക്തനുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ പ്രസിദ്ധിനെ തെരഞ്ഞെടുത്തത് നല്ല തീരുമാനമാണെന്നും അവൻ തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടു ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിയോ ഹോട്ട്സ്റ്റാറിൽ സംസാരിക്കുകയായിരുന്നു സഞ്ജയ് മഞ്ജരേക്കർ.

‘ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടെസ്റ്റ് മത്സരവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ടെസ്റ്റ് മത്സരത്തിൽ പ്രസിദ്ധ് കൃഷ്ണ വളരെ മെച്ചപ്പെട്ടതായി തോന്നുന്നു. ഇന്നലെ അധികം വിക്കറ്റുകൾ ലഭിച്ചില്ലെങ്കിലും, ഇന്ത്യയുടെ രണ്ടാം നമ്പർ സീമറാണ് അവൻ. മുഹമ്മദ് സിറാജിനേക്കാളും മികച്ചതാണ്. തീർച്ചയായും ഷർദുൽ താക്കൂറിനേക്കാളും ശക്തനുമാണ്.

അതുകൊണ്ട്, ഇന്ത്യ പ്രസിദ്ധിനെ തെരഞ്ഞെടുത്തത് നല്ല തീരുമാനമാണ്. അവൻ തന്റെ പരമാവധി ചെയ്യുന്നുണ്ട്. കൂടുതൽ വിക്കറ്റുകൾ നേടി ആത്മവിശ്വാസം നേടുമ്പോൾ, കൂടുതൽ മെച്ചപ്പെടാൻ സാധ്യതയുണ്ട്. അവന്റെ ബൗളിങ്ങിനെ ഞാൻ വിമർശിക്കില്ല. അവൻ തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടുണ്ട്,’ മഞ്ജരേക്കർ പറഞ്ഞു.

Content Highlight: Ind vs Eng: Sanjay Manjrekar says that Prasidh Krishna is better than Muhammed Siraj