പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. നാളെയാണ് (ബുധൻ) രണ്ടാം മത്സരം ആരംഭിക്കുക. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ ആതിഥേയരായ ഇംഗ്ലണ്ട് 1-0ന് മുമ്പിലാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. അടുത്ത മത്സരത്തിൽ ജയിച്ച് ലീഡ് ഉയർത്തുകയെന്നാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അതേസമയം, ജയവും സമനിലയുമാണ് ഇന്ത്യൻ സംഘത്തിന്റെ ഉന്നം.
ഇപ്പോൾ ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന് നിർദേശവുമായി എത്തിയിരിക്കുകയാണ് മുൻ താരം സഞ്ജയ് മഞ്ജരേക്കർ. ഇംഗ്ലണ്ടിലെ കാലാവസ്ഥയിലും ബെൻ സ്റ്റോക്‌സിന്റെ കളി രീതിയിലും മാറ്റം വന്നിട്ടുണ്ടെന്നും ഇത് സ്പിന്നർമാരെ ഉപയോഗിക്കാൻ നല്ല സമയമാണെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് ചെയ്തിരുന്ന പോലെ ഇന്ത്യ മൂന്ന് സ്പിന്നർമാരെ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിയോ ഹോട്ട്സ്റ്റാറിൽ സംസാരിക്കുകയായിരുന്നു സഞ്ജയ് മഞ്ജരേക്കർ.
‘ഇംഗ്ലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. അവിടത്തെ വേനൽക്കാലം ഇപ്പോൾ വരേണ്ടതാണ്. ഇതാണ് അവിടെ സ്പിൻ ബൗളർമാരെ ഉപയോഗിക്കാൻ നല്ല സമയമാണെന്നാണ് എനിക്ക് തോന്നുന്നത്.
കൂടാതെ, ബെൻ സ്റ്റോക്സ് അവരുടെ കളിക്കുന്ന രീതിയും ചിന്താഗതിയും മാറ്റിയിട്ടുണ്ട്. അതുകൊണ്ട്, ഏത് സാഹചര്യമായാലും ഇന്ത്യ മൂന്ന് സ്പിന്നർമാരെ ഉപയോഗിക്കണം. ന്യൂസിലൻഡിന്റെ ഇംഗ്ലണ്ടിലോ എവിടെയായാലും മൂന്ന് സ്പിന്നർമാരെ കളിപ്പിച്ചിരുന്ന കാലത്തേക്ക് നമ്മൾ തിരിച്ച് പോകണം,’ മഞ്ജരേക്കർ പറഞ്ഞു.
ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടതോടെ വരാനിരിക്കുന്ന മത്സരങ്ങൾ ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ്. രണ്ടാം മത്സരത്തിൽ ജയിച്ച് പരമ്പരയിൽ സമനില നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ശുഭ്മൻ ഗില്ലിന് വിജയത്തോടെ തുടങ്ങാൻ സാധിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റിൽ ഇന്ത്യ വലിയ പ്രതീക്ഷയുമായാണ് കളത്തിലിറങ്ങുക.
Content Highlight: Ind vs Eng: Sanjay Manjrekar says India should play three spinners against England