നിതീഷിനെയല്ല, ഈ താരത്തെയാണ് ടീമിൽ ഉൾപ്പെടുത്തേണ്ടത്; നിർദേശവുമായി മഞ്ജരേക്കർ
Sports News
നിതീഷിനെയല്ല, ഈ താരത്തെയാണ് ടീമിൽ ഉൾപ്പെടുത്തേണ്ടത്; നിർദേശവുമായി മഞ്ജരേക്കർ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th June 2025, 11:16 pm

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ കഴിഞ്ഞ ദിവസം ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയർ മുമ്പിലെത്തി.

രണ്ട് ഇന്നിങ്സിലുമായി അഞ്ച് സെഞ്ച്വറികളുണ്ടായിരുന്നിട്ടും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. മത്സരത്തിലുടനീളം മേൽ കൈ നേടാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഇന്ത്യയ്ക്ക് മുതലാക്കാനായിരുന്നില്ല. രണ്ടാം ഇന്നിങ്സിൽ ബുംറയടക്കമുള്ള ബൗളർമാർ ഒന്നടങ്കം നിറം മങ്ങിയതും ബെൻ ഡക്കറ്റ് – സാക്ക് ക്രോളി സഖ്യം നിലയുറപ്പിച്ചതും ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. ഇതിനെല്ലാം പുറമെ ഇന്ത്യയുടെ മോശം ഫീൽഡിങ്ങും തോൽ‌വിയ്ക്ക് കാരണമായി.

ഇപ്പോൾ അടുത്ത ടെസ്റ്റിന് മുമ്പ് ടീമിൽ മാറ്റം വരുത്തണമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഷർദുൽ താക്കൂറിനെ ഒഴിവാക്കി കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തണമെന്നും നിതീഷ് കുമാറിനെ തെരഞ്ഞെടുത്താൽ ടീമിന്റെ ബാലൻസ് നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് ഷമിയെ പോലെ ഒരാൾ ഇല്ലാത്തതിനാൽ സാഹചര്യങ്ങളെ പരിഗണിക്കാതെ ഇംഗ്ലണ്ടിലെ പിച്ചിൽ മികച്ച ബൗളർമാരെ ഇന്ത്യ ഉപയോഗിക്കണമെന്നും അതിന് രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തണമെങ്കിൽ അങ്ങനെ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിയോ ഹോട്ട്സ്റ്റാറിൽ സംസാരിക്കുകയായിരുന്നു സഞ്ജയ് മഞ്ജരേക്കർ.

‘ഷർദുൽ താക്കൂറിനെ ഒഴിവാക്കി കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തണം. ഈയൊരു മാറ്റമാണ് ഇന്ത്യ നടത്തേണ്ടത്. ഓസ്‌ട്രേലിയയിൽ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ ആദ്യ ടെസ്റ്റിൽ നിതീഷ് കുമാറിനെ പിന്തുണച്ചിരുന്നു. പക്ഷേ അവനെ ഉൾപ്പെടുത്തിയാൽ ടീമിന്റെ ബാലൻസ് നഷ്ടമാകും. അവന് നാലാം സീമറായി ബൗൾ ചെയ്യാൻ കഴിയില്ല. അതിനാൽ ഇന്ത്യ കടുത്ത തീരുമാനമെടുക്കണം.

ഇംഗ്ലണ്ടിലെ പിച്ചിൽ അവർ മികച്ച ബൗളർമാരെ ഉപയോഗിക്കണം. അതിന് രണ്ട് സ്പിന്നർമാരെ ഉൾപെടുത്തണമെങ്കിൽ അങ്ങനെ ചെയ്യണം. മുഹമ്മദ് ഷമിയെ പോലെ ഒരാൾ ഇല്ലാത്തതിനാൽ സാഹചര്യങ്ങളെ പരിഗണിക്കാതെ മികച്ച ബൗളർമാരെ തെരഞ്ഞെടുക്കണം. അതുകൊണ്ട് ഞാൻ ഒരു ഫാസ്റ്റ് ബൗളറെ കുറച്ച് കുൽദീപിനെ ടീമിൽ ഉൾപ്പെടുത്തും,’ മഞ്ജരേക്കർ പറഞ്ഞു.

Content Highlight: Ind vs Eng: Sanjay Manjrekar says India should left out Shardul Thakur and include Kuldeep Yadav in playing eleven