അവന്റെ അഭാവം ഇന്ത്യയ്ക്ക് വലിയ പ്രശ്‌നം സൃഷ്ടിക്കില്ല: സഞ്ജയ് മഞ്ജരേക്കര്‍
Tendulkar - Anderson Trophy
അവന്റെ അഭാവം ഇന്ത്യയ്ക്ക് വലിയ പ്രശ്‌നം സൃഷ്ടിക്കില്ല: സഞ്ജയ് മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 23rd July 2025, 1:14 pm

ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റ്. ഈ മത്സരം ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

മാഞ്ചസ്റ്ററിലെ ആദ്യ വിജയവും പരമ്പരയിലെ സമനിലയും സ്വപ്നം കാണുന്ന ഇന്ത്യയ്ക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇന്ത്യയുടെ മൂന്ന് താരങ്ങളാണ് പരിക്ക് കാരണം പുറത്തായിരിക്കുന്നത്.

ബൗളര്‍മാരായ അര്‍ഷദീപ് സിങ്, ആകാശ് ദീപ്, ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ടീമിന് പുറത്തായത്. അര്‍ഷദീപും ആകാശ് ദീപും നാലാം മത്സരത്തിന് നിന്നാണ് പുറത്തായതെങ്കില്‍ നിതീഷിന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും.

ഇപ്പോള്‍ നിതീഷിന്റെ അഭാവം ഇന്ത്യ ടീമിന് വലിയ പ്രശ്നം സൃഷ്ടിക്കില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. നിതീഷിന് പകരം ഇന്ത്യ ഒരു സമ്പൂര്‍ണ ബാറ്ററെ കളിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു സഞ്ജയ് മഞ്ജരേക്കര്‍.

‘നിതീഷ് ടീമിലില്ലാത്തത് വലിയ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടീമിന് ഉണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അവന് പകരം ഒരു സമ്പൂര്‍ണ ബാറ്ററെ കളിപ്പിക്കണം.

കാരണം കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ആ മത്സരത്തിലെ റണ്‍സ് ചെയ്സിങ്ങില്‍ നമ്മള്‍ കുറച്ച് പിറകിലായിരുന്നു,’ മഞ്ജരേക്കര്‍ പറഞ്ഞു.

അതേസമയം, ഇന്ത്യയ്ക്ക് പ്രതീക്ഷ നിലനിര്‍ത്താന്‍ ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് 2 – 1ന് മുന്നിലാണ്.

ലീഡ്സിലും ലോര്‍ഡ്‌സിലും വിജയം സ്വന്തമാക്കിയാണ് ആതിഥേയര്‍ മുന്നിലെത്തിയത്. ഇംഗ്ലണ്ടിനെതിരെ രണ്ടാം മത്സരത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാന്‍ സാധിച്ചത്.

Content Highlight: Ind vs Eng: Sanjay Manjrekar says absence of Nitish Kumar Reddy will not create imbalance in Indian team