അഗ്രഷനൊക്കെ കൊള്ളാം, പക്ഷേ... ഇന്ത്യൻ താരത്തിന് ഉപദേശവുമായി സച്ചിൻ
Sports News
അഗ്രഷനൊക്കെ കൊള്ളാം, പക്ഷേ... ഇന്ത്യൻ താരത്തിന് ഉപദേശവുമായി സച്ചിൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th June 2025, 11:34 am

പുതിയ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. 2025 – 27 ഡബ്ല്യു.ടി.സി സൈക്കിളിലെ ഇന്ത്യയുടെ ആദ്യ പരമ്പരയായ ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ന് തുടക്കമാവും. അഞ്ച് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്. ഒന്നാം ടെസ്റ്റ് ഇന്ന് ലീഡ്‌സിൽ നടക്കും.

ഇന്ത്യയ്ക്ക് മോശം ട്രാക്ക് റെക്കോഡുള്ള ഇംഗ്ലണ്ടിൽ ഒരു പരമ്പര വിജയം മോഹിച്ചാണ് ഇന്ത്യൻ സംഘം അവരുടെ തട്ടകത്തിൽ ഇറങ്ങുന്നത്. 18 വർഷങ്ങൾക്ക് മുമ്പാണ് ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഒരു യുവനിരയും പുതിയ നേതൃത്വവുമായാണ് ഈ സ്വപ്നത്തിലേക്ക് ഇന്ത്യ നടക്കുന്നത്.

പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് കീഴിയിലാണ് ഇന്ത്യ തങ്ങളുടെ ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഒരുങ്ങുന്നത്. താരത്തിന് കൂട്ടായി വൈസ് ക്യാപ്റ്റന്റെ കുപ്പായത്തിൽ വിക്കറ്റ്‌ കീപ്പർ ബാറ്റർ റിഷബ് പന്തുമുണ്ട്. ധോണിക്കും വിരാടിനും സാധിക്കാത്തത് ഗില്ലിനും യുവ ഇന്ത്യയ്ക്കും നേടാനാവുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ഇപ്പോൾ താരതമ്യേന ടീമിലെ സീനിയറായ റിഷബ് പന്ത് ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോൾ സമീപനത്തിൽ മാറ്റം വരുത്തണമെന്ന് പറയുകയാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. പന്ത് കളിയിൽ അധിക സമയവും തന്റെ ശൈലി തന്നെ തുടരണമെന്നും സമ്മർദ ഘട്ടത്തിൽ താരം കുറച്ച് കൂടെ ജാഗ്രതയോടെ കളിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പന്ത് നിർണായക ഘട്ടത്തിൽ അപകടകരമായ ഷോട്ടുകൾ ഒഴിവാക്കി അഗ്ഗ്രസീവായി കളിക്കുന്നത് കുറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.എസ്.പി.എൻ ക്രിക് ഇൻഫോയിൽ സംസാരിക്കുകയായിരുന്നു സച്ചിൻ ടെൻഡുൽക്കർ.

‘പന്ത് കളിയിൽ അധിക സമയവും തന്റെ ശൈലി തന്നെ തുടരണം. പക്ഷേ ചില സന്ദർഭങ്ങളിൽ ടീമിനായി അവൻ തന്റെ സമീപനത്തിൽ മാറ്റം വരുത്തണം. എല്ലായിപ്പോഴും അവൻ ടീമിന് വേണ്ടി തന്നെയാണ് ചെയ്യുന്നത്. എന്നാൽ സമ്മർദ ഘട്ടത്തിൽ പന്ത് കുറച്ച് കൂടെ ജാഗ്രതയോടെ കളിക്കണം. അവന്റെ മനസ്സിൽ എപ്പോഴും ഫ്ലെക്സിബിലിറ്റി വേണം.

മത്സരത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ടീമിനെ രക്ഷിക്കണമെങ്കിൽ അവൻ പ്രതിരോധ സമീപനം സ്വീകരിക്കേണ്ടി വരും. അപ്പോൾ പന്ത് അപകടകരമായ ഷോട്ടുകൾ ഒഴിവാക്കി അഗ്ഗ്രസീവായി കളിക്കുന്നത് കുറക്കണം. അവൻ എപ്പോഴും പോസിറ്റീവായിരിക്കണം. പക്ഷേ അവന്റെ ഷോട്ട് സെലക്ഷൻ നിർണായകമായിരിക്കും,’ സച്ചിൻ പറഞ്ഞു.

ഇന്ത്യൻ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയബ് ബഷീര്‍.

Content Highlight: Ind vs Eng: Sachin Tendulkar has urged Rishabh Pant to curb his natural style of play for the sake of the team