ബുംറ കളിക്കാൻ റെഡിയാണ്, പക്ഷേ.... വമ്പൻ അപ്ഡേറ്റുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്
Sports News
ബുംറ കളിക്കാൻ റെഡിയാണ്, പക്ഷേ.... വമ്പൻ അപ്ഡേറ്റുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th June 2025, 8:42 pm

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് സന്ദർശകർ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ ആതിഥേയരായ ഇംഗ്ലണ്ട് 1-0ന് മുമ്പിലാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. അടുത്ത മത്സരത്തിൽ ജയിച്ച് ലീഡ് ഉയർത്തുകയെന്നാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അതേസമയം, ജയവും സമനിലയുമാണ് ഇന്ത്യൻ സംഘത്തിന്റെ ഉന്നം.

എന്നാൽ ഇന്ത്യൻ ബൗളിന്റെ നെടുംതൂണായ ജസ്പ്രീത് ബുംറ ഈ മത്സരത്തിൽ കളിച്ചേക്കില്ല എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വര്‍ക്ക്‌ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂന്ന് ടെസ്റ്റിൽ മാത്രമേ കളത്തിലിറങ്ങുകയുള്ളൂവെന്ന് കോച്ച് ഗൗതം ഗംഭീർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടതോടെ താരം രണ്ടാം ടെസ്റ്റിലും കളിക്കുമോയെന്ന ആകാംഷയിലായിരുന്നു ആരാധകർ. ഇപ്പോൾ അക്കാര്യത്തിൽ അപ്ഡേറ്റ് നൽകുകയാണ് ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്. ജസ്പ്രീത് ബുംറ ഫിറ്റാണെന്നും രണ്ടാം ടെസ്റ്റിൽ കളിപ്പിക്കണോ വേണ്ടയോയെന്നത് തങ്ങൾ അവസാന നിമിഷമാവും തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥ, പിച്ച് എന്നിവയും മറ്റേതെങ്കിലും വേദികളിൽ കളിപ്പിക്കുന്നതാണോ നല്ലതെന്ന് പരിഗണിച്ചാവും ആ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റയാൻ ടെൻ ഡോഷേറ്റ്.

‘ജസ്പ്രീത് ബുംറ ഫിറ്റും കളിക്കാൻ തയ്യാറുമാണ്. പക്ഷേ, ഈ നാല് മത്സരങ്ങളിൽ അദ്ദേഹത്തെ എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കാമെന്നതാണ് ഞങ്ങളുടെ പ്രധാന ആശങ്ക. രണ്ടാം ടെസ്റ്റിൽ ബുംറയെ കളിപ്പിക്കണോ വേണ്ടയോ എന്നത് ഞങ്ങൾ അവസാന നിമിഷമാവും തീരുമാനിക്കുക.

കാലാവസ്ഥ, പിച്ച് എന്നിവ എങ്ങനെയായിരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ആ തീരുമാനം. ലോർഡ്‌സിലോ ഓവലിലോ മാഞ്ചസ്റ്ററിലോ കളിപ്പിക്കുന്നതിനായി മാറ്റി നിർത്തുന്നതാണോ നല്ലതെന്നും ഞങ്ങൾ പരിഗണിക്കും.

ബുംറ ഇന്നലെയും ഇന്നും നെറ്റ്സിൽ പരിശീലനം നടത്തിയിരുന്നു. അതിനാൽ കളിക്കാൻ ഫിറ്റല്ല എന്നല്ല, അവന്റെ കഴിവുകളെ പരമാവധി എങ്ങനെ ഉപയോഗിക്കാമെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ്,’ ടെൻ ഡോഷേറ്റ് പറഞ്ഞു.

Content Highlight: Ind vs Eng: Ryan Ten Doeschate revealed that India would the call last minute whether to play Jasprit Bumrah in second test against England