ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 336 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോടൊപ്പമെത്തി.
ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 271ന് പുറത്തായി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും ആകാശ് ദീപിന്റെയും മുഹമ്മദ് സിറാജിന്റെയും കരുത്തിലാണ് ഇന്ത്യ ചരിത്ര വിജയം നേടിയെടുത്തത്.

ഇവര്‍ക്ക് പുറമെ, വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത് വെടിക്കെട്ട് ബാറ്റിങ്ങുമായി മികച്ച പ്രകടനം നടത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ താരത്തിന് വലിയ സ്‌കോര്‍ കണ്ടെത്താനായില്ലെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. താരം 58 പന്തില്‍ 65 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. താരത്തിന്റെ ഇന്നിങ്‌സില്‍ എട്ട് ഫോറും മൂന്ന് സിക്‌സുകളുമുണ്ടായിരുന്നു.


