ഐ.പി.എല്ലും വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആവേശവും കെട്ടടങ്ങിയതോടെ ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയ്ക്കാണ് ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്നത്. 18 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര ജയിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
പരമ്പരയ്ക്കായി നേരത്തെ തന്നെ ബി.സി.സി.ഐ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
ഇപ്പോൾ ഇന്ത്യൻ ടീമിൽ നാലാമനായി ആരാണ് ബാറ്റിങ്ങിനെത്തുകയെന്ന് പറയുകയാണ് ടീം വൈസ് ക്യാപ്റ്റൻ റിഷബ് പന്ത്. ആരാണ് മൂന്നാം നമ്പറിൽ ഇറങ്ങേണ്ടതെന്ന് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് താരം പറഞ്ഞു.
എന്നാൽ നാലാമനായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലെത്തുമ്പോൾ താൻ അഞ്ചാം സ്ഥാനത്ത് ബാറ്റിങ്ങിനെത്തുമെന്നും വിക്കറ്റ് കീപ്പർ ബാറ്റർ കൂട്ടിച്ചേർത്തു. മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റിഷബ് പന്ത്.
‘ആരാണ് മൂന്നാം നമ്പറിൽ ഇറങ്ങേണ്ടതെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. പക്ഷെ നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തുന്നവർ ഉറപ്പായിട്ടുണ്ട്. നാലാമനായി ശുഭ്മൻ ഗില്ലിറങ്ങും. ഞാനായിരിക്കും അഞ്ചാമാനായി ബാറ്റിങ്ങിനെത്തുക. ബാക്കിയുള്ള സ്ഥാനങ്ങളിൽ ആരെത്തണമെന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്,’ പന്ത് പറഞ്ഞു.