പുതിയ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. 2025 – 27 ഡബ്ല്യു.ടി.സി സൈക്കിളിലെ ഇന്ത്യയുടെ ആദ്യ പരമ്പര ഇംഗ്ലണ്ട് പര്യടനമാണ്. അഞ്ച് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്.
ഇന്ത്യയ്ക്ക് മോശം ട്രാക്ക് റെക്കോഡുള്ള ഇംഗ്ലണ്ടിൽ ഒരു പരമ്പര വിജയം മോഹിച്ചാണ് ഇന്ത്യൻ സംഘം അവരുടെ തട്ടകത്തിൽ ഇറങ്ങുന്നത്. 18 വർഷങ്ങൾക്ക് മുമ്പാണ് ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഒരു യുവനിരയും പുതിയ നേതൃത്വവുമായാണ് ഈ സ്വപ്നത്തിലേക്ക് ഇന്ത്യ നടക്കുന്നത്.
രോഹിത് ശർമ വിരമിച്ചതോടെ ശുഭ്മൻ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. താരത്തിന് കൂട്ടായി വൈസ് ക്യാപ്റ്റന്റെ കുപ്പായത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തുമുണ്ട്. ധോണിക്കും വിരാടിനും സാധിക്കാത്തത് ഗില്ലിനും യുവ ഇന്ത്യയ്ക്കും നേടാനാവുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ഇംഗ്ലണ്ടിനെതിരെ അവരുടെ തട്ടകത്തിലിറങ്ങുമ്പോൾ വൈസ് ക്യാപ്റ്റൻ റിഷാബ് പന്തിനെ കാത്തിരുന്നത് ഒരു വമ്പൻ നേട്ടമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 3000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ആകാനാണ് പന്തിന് അവസരമുള്ളത്. ഇതിനായി താരത്തിന് വേണ്ടാത്തത് 52 റൺസ് മാത്രമാണ്.
നിലവിൽ പന്തിന് ടെസ്റ്റിൽ 43 മത്സരങ്ങളിലെ 75 ഇന്നിങ്‌സുകളിൽ നിന്ന് 2948 റൺസ് എടുത്തിട്ടുണ്ട്. താരത്തിന് ഈ ഫോർമാറ്റിൽ ആറ് സെഞ്ച്വറികളും 15 അർധ സെഞ്ച്വറികളുമുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർ 42.1 ശരാശരിയിലും 73.6 സ്ട്രൈക്ക് റേറ്റിലുമാണ് റെഡ് ബോൾ ക്രിക്കറ്റിൽ ബാറ്റ് ചെയ്യുന്നത്.