ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം മത്സരം ലോര്‍ഡ്‌സില്‍ തുടരുകയാണ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന് ലീഡ് നേടാനുറച്ച് കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് നേടിയ അതേ 387 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ നേടാന്‍ സാധിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഇരുവര്‍ക്കും ലീഡില്ല.
കെ.എല്‍. രാഹുലിന്റെ സെഞ്ച്വറിയും വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും കരുത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനൊപ്പമെത്തിയത്. രാഹുല്‍ 177 പന്തില്‍ 100 റണ്‍സ് നേടി. റിഷബ് പന്ത് 112 പന്തില്‍ 74 റണ്‍സും രവീന്ദ്ര ജഡേജ 131 പന്തില്‍ 72 റണ്‍സും സ്വന്തമാക്കി.
എട്ട് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു റിഷബ് പന്തിന്റെ ഇന്നിങ്‌സ്. ഈ പരമ്പരയിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.
ലോര്‍ഡ്‌സില്‍ നേടിയ രണ്ട് സിക്‌സറിന് പിന്നാലെ താരം ഒരു റെക്കോഡും സ്വന്തമാക്കി. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കാണ് പന്ത് ഉയര്‍ന്നത്. 80ാം ഇന്നിങ്‌സില്‍ 88ാം സിക്‌സര്‍ നേടിയാണ് താരം ഈ റെക്കോഡിലെത്തിയത്.
ഇന്ത്യന്‍ ലെജന്‍ഡ് വിരേന്ദര്‍ സേവാഗാണ് ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്തുള്ളത്. 178 ഇന്നിങ്‌സില്‍ നിന്നും 90 സിക്‌സറുകളാണ് താരം സ്വന്തമാക്കിയത്.
(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)
വിരേന്ദര്‍ സേവാഗ് – 178 – 90
റിഷബ് പന്ത് – 80 – 88*
രോഹിത് ശര്‍മ – 116 – 88
എം.എസ്. ധോണി – 144 – 78
രവീന്ദ്ര ജഡേജ – 123 – 73
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 329 – 69
അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയിലാണ്. 40 പന്തില്‍ 17 റണ്‍സുമായി ജോ റൂട്ടും 13 പന്തില്‍ രണ്ട് റണ്‍സുമായി ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍.
വിക്കറ്റൊന്നും നഷ്ടപ്പെടാതെ രണ്ട് റണ്‍സ് എന്ന നിലയില്‍ നാലാം ദിവസമാരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സാധിച്ചില്ല. 22 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇംഗ്ലണ്ടിന് നേടാനായത്. 12 പന്തില്‍ 12 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റിനെയാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടപ്പെട്ടത്.
ഒലി പോപ്പ് (17 പന്തില്‍ നാല്), സാക്ക് ക്രോളി (49 പന്തില്‍ 22), ഹാരി ബ്രൂക്ക് (19 പന്തില്‍ 23) എന്നിവരുടെ വിക്കറ്റുകളും ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടു.
മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡിയും ആകാശ് ദീപുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍, ഷോയ്ബ് ബഷീര്‍.
Content Highlight: IND vs ENG: Rishabh Pant climbs to 2nd in Most Test sixes for India