ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ 1-2ന് പിന്നിലാണ്. ലീഡ്‌സിലും ലോര്‍ഡ്‌സിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ മികച്ച വിജയം സ്വന്തമാക്കി. ലോര്‍ഡ്‌സില്‍ ജയം മുമ്പില്‍ കണ്ട ശേഷമായിരുന്നു സന്ദര്‍ശകര്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്.
ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡാണ് വേദി. പരമ്പര കൈവിടാതെ കാക്കണമെങ്കില്‍ മാഞ്ചസ്റ്ററില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
ഈ മത്സരത്തില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിക്കാന്‍ സാധ്യതയുണ്ടോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മാത്രമേ ബുംറ കളത്തിലിറങ്ങൂ എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. താരത്തിന്റെ വര്‍ക്ക് ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണിത്. മൂന്ന് മത്സരത്തില്‍ കളിക്കുമെന്നും എന്നാല്‍ അത് ഏതൊക്കെ മത്സരങ്ങളാകുമെന്ന് പ്രഖ്യാപിച്ചിരുന്നില്ല.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരം കളിച്ചിരുന്നു. ലീഡ്‌സില്‍ വന്‍ പരാജയം നേരിട്ടെങ്കിലും എഡ്ജ്ബാസ്റ്റണില്‍ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. ബുംറയുടെ അഭാവത്തിലും ഇന്ത്യ രണ്ടാം ടെസ്റ്റില്‍ വിജയിച്ചു. ബുംറ തിരിച്ചെത്തിയ മൂന്നാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയും ഒരിക്കല്‍ക്കൂടി പരമ്പരയില്‍ പിന്നിലാവുകയും ചെയ്തു.
മാഞ്ചസ്റ്ററില്‍ വിജയം നിര്‍ണായകമായതിനാല്‍ നാലാം മത്സരത്തില്‍ ബുംറയെ കളത്തിലിറക്കാനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്നാണ് സഹപരിശീലകന്‍ റയാന്‍ ടെന്‍ ഡോഷേറ്റ് വ്യക്തമാക്കിയിരുന്നു.
‘മാഞ്ചസ്റ്ററില്‍ ഞങ്ങള്‍ ആ തീരുമാനമെടുക്കും. അവസാന രണ്ട് മത്സരത്തില്‍ ഒന്നില്‍ മാത്രമേ അവന്‍ (ജസ്പ്രീത് ബുംറ) കളിക്കുകയുള്ളൂ എന്ന് നമുക്ക് അറിയാവുന്നത്. മാഞ്ചസ്റ്ററില്‍ പരമ്പര നഷ്ടപ്പെടാതെ കാക്കണം എന്ന കാര്യം നമുക്കറിയാം. ഇക്കാരണം കൊണ്ടുതന്നെ നാലാം മത്സരത്തില്‍ അവനെ കളിപ്പിക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് സാധ്യമായ എല്ലാ കാര്യങ്ങളും പരിശോധിക്കണം,’ ഡോഷേറ്റ് പറഞ്ഞു.
ബുംറയ്ക്ക് പുറമെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും മാഞ്ചസ്റ്ററില്‍ കളത്തിലിറങ്ങിയേക്കും. പരമ്പരയിലിതുവരെ കുല്‍ദീപിന് ഇന്ത്യ അവസരം നല്‍കിയിട്ടില്ല.
അതേസമയം, നാലാം ടെസ്റ്റിനുള്ള സ്‌ക്വാഡ് ഇംഗ്ലണ്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ ഷോയ്ബ് ബഷീറിന് പകരക്കാരനായി ഹാംഷെയര്‍ താരം ലിയാം ഡോവ്‌സണെയാണ് ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. എട്ട് വര്‍ഷത്തിന് ശേഷമാണ് താരം ഇംഗ്ലണ്ട് നിരയിലേക്ക് തിരിച്ചെത്തുന്നത്.