ഇംഗ്ലണ്ട് – ഇന്ത്യ ഏകദിന പരമ്പരയിലെ രണ്ടാം മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-0ന് ലീഡ് നേടിയാണ് ഇന്ത്യ ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം നേടിയിരിക്കുന്നത്.
ഒഡീഷ, കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് രോഹിത് സെഞ്ച്വറിയടിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടീമിനൊപ്പമില്ലാതിരുന്ന വിരാട് രണ്ടാം ഏകദിനത്തില്‍ പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. എന്നാല്‍ മികച്ച പ്രകടനം നടത്താന്‍ വിരാടിന് സാധിച്ചിരുന്നില്ല.
ഏഴ് പന്ത് നേരിട്ട താരം വെറും അഞ്ച് റണ്‍സിനാണ് പുറത്തായത്.
അഹമ്മദാബാദിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഡെഡ് റബ്ബര്‍ മത്സരത്തില്‍ തിളങ്ങിയാല്‍ എണ്ണം പറഞ്ഞ റെക്കോഡുകള്‍ സ്വന്തമാക്കാന്‍ വിരാടിന് സാധിക്കും.
ഏകദിനത്തില്‍ 14,000 റണ്‍സ് എന്ന ലക്ഷ്യമാണ് ഇതില്‍ പ്രധാനം. ഇതിനായി വിരാട് നേടേണ്ടതാകട്ടെ വെറും 89 റണ്‍സും.
നിലവില്‍ 284 ഇന്നിങ്‌സില്‍ നിന്നും 13,911 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം. 57.96 എന്ന മികച്ച ശരാശരിയില്‍ സ്‌കോര്‍ ചെയ്യുന്ന താരം 50 സെഞ്ച്വറിയും 72 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.
നിലവില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും റിക്കി പോണ്ടിങ്ങിനും മാത്രം സ്വന്തമായുള്ള റെക്കോഡ് സ്വന്തമാക്കുന്നതോടെ മറ്റൊരു ചരിത്ര നേട്ടത്തിനുള്ള അവസരവും വിരാടിന് മുമ്പിലുണ്ട്.
ഏകദിന കരിയറില്‍ ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് വിരാട് കണ്ണുവെക്കുന്നത്. ഇനിയുള്ള 65 ഇന്നിങ്‌സില്‍ നിന്നും 89 റണ്‍സ് നേടാന്‍ സാധിച്ചാല്‍ വിരാടിന് ഈ റെക്കോഡ് സ്വന്തമാക്കാനാകും.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്റെ കരിയറിലെ 350ാം ഇന്നിങ്‌സിലും പോണ്ടിങ് 378ാം ഇന്നിങ്‌സിലുമാണ് 14,000 ഏകദിന റണ്‍സ് എന്ന കടമ്പ മറികടന്നത്.
ഇന്ത്യന്‍ മണ്ണില്‍ ഏറ്റവുമധികം തവണ 50+ സ്‌കോര്‍ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ സച്ചിനൊപ്പം ഒന്നാം സ്ഥാനത്തെത്താനും വിരാടിന് സാധിക്കും. നിലവില്‍ 57 തവണയാണ് വിരാട് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ 50+ സ്‌കോര്‍ സ്വന്തമാക്കിയത്. 58 തവണയാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരില്‍ ഈ റെക്കോഡ് കുറിക്കപ്പെട്ടത്.