കരിയറില്‍ ഇതുപോലെ ഒരു പരമ്പര ഇതാദ്യം; ഇന്ത്യയുടെ കാവല്‍ മാലാഖയ്ക്ക് ചരിത്ര നേട്ടങ്ങള്‍
Sports News
കരിയറില്‍ ഇതുപോലെ ഒരു പരമ്പര ഇതാദ്യം; ഇന്ത്യയുടെ കാവല്‍ മാലാഖയ്ക്ക് ചരിത്ര നേട്ടങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd August 2025, 10:45 am

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയ്ക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ആതിഥേയര്‍ക്ക് മുമ്പില്‍ 374 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. യശസ്വി ജെയ്സ്വാളിന്റെ സെഞ്ച്വറിയുടെയും ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും ബലത്തിലാണ് ഇന്ത്യ മികച്ച രണ്ടാം ഇന്നിങ്സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ജെയ്സ്വാള്‍ 164 പന്തില്‍ 118 റണ്‍സ് നേടിയപ്പോള്‍ 94 പന്തില്‍ 66 റണ്‍സുമായി ആകാശ് ദീപ് തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 53 റണ്‍സ് വീതമാണ് ജഡേജയും വാഷിങ്ടണും ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്.

സ്‌കോര്‍ (മൂന്നാം ദിവസം അവസാനിക്കുമ്പോള്‍)

ഇന്ത്യ: 224 & 396

ഇംഗ്ലണ്ട്: 247 & 50/1 (T: 374)

പരമ്പരയിലുടനീളം മികച്ച പ്രകടനം നടത്തിയ ജഡേജയുടെ ആറാം അര്‍ധ സെഞ്ച്വറിയാണ് ഓവലില്‍ പിറന്നത്. പരമ്പരയില്‍ ആകെ 516 റണ്‍സും താരം അടിച്ചെടുത്തു.

ഇതോടെ ഒരു ചരിത്ര നേട്ടമാണ് ജഡ്ഡുവിന്റെ പേരില്‍ പിറവിയെടുത്തത്. ആറാം നമ്പറിലോ അതിന് താഴെയോ കളത്തിലിറങ്ങി ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ജഡേജ സ്വന്തമാക്കിയത്. ഇതിഹാസ താരം വി.വി.എസ്. ലക്ഷ്മണിന്റെ റെക്കോഡാണ് ജഡേജ തകര്‍ത്തത്.

ആറാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഒരു ടെസ്റ്റ് സീരീസില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം

(താരം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

രവീന്ദ്ര ജഡേജ – ഇംഗ്ലണ്ട് – 516 – 2025*

വി.വി.എസ്. ലക്ഷ്മണ്‍ – വെസ്റ്റ് ഇന്‍ഡീസ് – 474 – 2002

രവി ശാസ്ത്രി – ഇംഗ്ലണ്ട് – 374 – 1985-86

റിഷബ് പന്ത് – ഓസ്‌ട്രേലിയ – 350 – 2018-19

ഇതിനൊപ്പം തന്നെ മറ്റൊരു ഐതിഹാസിക നേട്ടത്തിലും ജഡേജ കാലെടുത്തുവെച്ചു. സെക്കന്‍ഡ് ഇന്നിങ്‌സില്‍ (മൂന്ന്, നാല് ഇന്നിങ്‌സുകള്‍) ഏറ്റവുമധികം ബാറ്റിങ് ശരാശരിയുള്ള താരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് ജഡ്ഡു റെക്കോഡിട്ടത്. 315.00 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. ഓവലിലാണ് സെക്കന്‍ഡ് ഇന്നിങ്‌സില്‍ താരം ആദ്യമായി പുറത്താകുന്നത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

ഒരു പരമ്പരയിലെ സെക്കന്‍ഡ് ഇന്നിങ്‌സിലെ (മൂന്ന്, നാല് ഇന്നിങ്‌സുകള്‍) ഏറ്റവും മികച്ച ബാറ്റിങ് ശരാശരി

(താരം – ടീം – എതിരാളികള്‍ – ബാറ്റിങ് ശരാശരി – വര്‍ഷം എന്നീ ക്രമത്തില്‍)

സുനില്‍ ഗവാസ്‌കര്‍ – ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – 468.00 – 1970-71

രവീന്ദ്ര ജഡേജ – ഇന്ത്യ – ഇംഗ്ലണ്ട് – 315.00 – 2025*

ആന്‍ഡി ഫ്‌ളവര്‍ – സിംബാബ് വേ – ഇന്ത്യ – 302.00 – 2000-01

അതേസമയം, രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയിലാണ്. ഇനിയും രണ്ട് ദിവസം ശേഷിക്കെ 324 റണ്‍സ് കൂടിയാണ് ഇംഗ്ലണ്ടിന് വിജയിക്കാന്‍ ആവശ്യമുള്ളത്. അതേസമയം, ഇന്ത്യയാകട്ടെ ശേഷിക്കുന്ന ഒമ്പത് വിക്കറ്റും പിഴുതെറിയാനാണ് ശ്രമിക്കേണ്ടത്.

പരമ്പര പരാജയപ്പെടാതെ പിടിച്ചുനില്‍ക്കാനും സമനിലയിലെത്തിക്കാനും ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. അതേസമയം, ഓവല്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചാലും ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാനാകും.

 

Content Highlight: IND vs ENG: Ravindra Jadeja scripts several record in India’s tour of England