ഏത് പരിതസ്ഥിതിയിലും ഇന്ത്യയ്ക്ക് ഒരു കാവല്‍ മാലാഖയുണ്ടെടോ; ചരിത്ര നേട്ടത്തില്‍ സര്‍ ജഡേജ
Sports News
ഏത് പരിതസ്ഥിതിയിലും ഇന്ത്യയ്ക്ക് ഒരു കാവല്‍ മാലാഖയുണ്ടെടോ; ചരിത്ര നേട്ടത്തില്‍ സര്‍ ജഡേജ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 14th July 2025, 9:03 pm

 

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ പരാജയപ്പെടാന്‍ മനസില്ലാതെ ഇന്ത്യ പൊരുതുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ നിലവില്‍ ചായയ്ക്ക് പിരിയുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 163 എന്ന നിലയിലാണ്. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 30 റണ്‍സ് കൂടിയാണ് ഇന്ത്യയ്ക്ക് വിജയിക്കാന്‍ ആവശ്യമുള്ളത്.

സൂപ്പര്‍ താരം രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ പൊരുതുന്നത്. വാലറ്റത്ത് മുഹമ്മദ് സിറാജിനെ ഒപ്പം കൂട്ടി ജഡ്ഡു ഇന്ത്യയുടെ പ്രതീക്ഷകള്‍ അണയാതെ കാക്കുകയാണ്. ജഡേജ 162 പന്തില്‍ 52 റണ്‍സും സിറാജ് 20 പന്തില്‍ രണ്ട് റണ്‍സും നേടിയാണ് ക്രീസില്‍ തുടരുന്നത്.

ജഡേജയുടെ അര്‍ധ സെഞ്ച്വറിക്കൊപ്പം സിറാജിന്റെ ചെറുത്തുനില്‍പ്പിനും ആരാധകരുടെ കയ്യടി ഉയരുന്നുണ്ട്. ഷോര്‍ട്ട് ലെഗില്‍ നിന്നും ജിവന്‍ ലഭിച്ച സിറാജ് കൂടുതല്‍ ശ്രദ്ധയോടെയാണ് ബാറ്റ് വീശുന്നത്.

മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ ജഡ്ഡു രണ്ടാം ഇന്നിങ്‌സിലും ഫിഫ്റ്റിയടിച്ചതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ആറാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ലോര്‍ഡ്‌സില്‍ ട്വിന്‍ ഫിഫ്റ്റ് സ്വന്തമാക്കുന്ന വിസിറ്റിങ് ബാറ്ററുടെ ലിസ്റ്റിലാണ് താരം ഇടം നേടിയിരിക്കുന്നത്.

ലോര്‍ഡ്‌സില്‍ ആറാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ട്വിന്‍ ഫിഫ്റ്റി സ്വന്തമാക്കുന്ന വിസിറ്റിങ് ബാറ്റര്‍മാര്‍

(താരം – ടീം – സ്‌കോറുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

വിക് പൊള്ളാര്‍ഡ് – ന്യൂസിലാന്‍ഡ് – 55& 55 – 1965

ദുലീപ് മെന്‍ഡിസ് – ശ്രീലങ്ക – 111 & 94 – 1984

ജെഫ് ഡുജോണ്‍ – വെസ്റ്റ് ഇന്‍ഡീസ് – 53 & 52 – 1988

ഗസ് ലോഗി – വെസ്റ്റ് ഇന്‍ഡീസ് – 81 & 95* – 1988

രവീന്ദ്ര ജഡേജ – ഇന്ത്യ – 72 & 56* – 2025*

ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ വിജയത്തിനായി പൊരുതുകയാണ്. ഇതിനോടകം ഒമ്പത് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയിലാണ് ഏക പ്രതീക്ഷ.

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ യശസ്വി ജെയ്‌സ്വാളിനെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെയാണ് ഓപ്പണര്‍ മടങ്ങിയത്. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ജെയ്മി സ്മിത്തിന് ക്യാച്ച് നല്‍കിയായിരുന്നു ജെയ്‌സ്വാളിന്റെ മടക്കം.

രണ്ടാം വിക്കറ്റില്‍ കരുണ്‍ നായരിനെ ഒപ്പം കൂട്ടി കെ.എല്‍. രാഹുല്‍ ഇന്നിങ്‌സ് കെട്ടിപ്പടുത്താനുള്ള ശ്രമം നടത്തി. എന്നാല്‍ ആ കൂട്ടുകെട്ടിനും ആതിഥേയര്‍ ആയുസ് നല്‍കിയില്ല. ടീം സ്‌കോര്‍ 41ല്‍ നില്‍ക്കവെ 14 റണ്‍സ് നേടിയ കരുണ്‍ നായരിനെ മടക്കി ബ്രൈഡന്‍ കാര്‍സ് കൂട്ടുകെട്ട് പൊളിച്ചു.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ (ഒമ്പത് പന്തില്‍ ആറ്) ബ്രൈഡന്‍ കാര്‍സും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ് ദീപിനെ (11 പന്തില്‍ ഒന്ന്) ബെന്‍ സ്റ്റോക്‌സും പുറത്താക്കിയതോടെ ഇന്ത്യ 58/4 എന്ന നിലയില്‍ നാലാം ദിവസം അവസാനിപ്പിച്ചു.

അഞ്ചാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടിയേറ്റു. റിഷബ് പന്തിനെ ക്ലീന്‍ ബൗള്‍ഡാക്കി ജോഫ്രാ ആര്‍ച്ചര്‍ ഇന്ത്യയുടെ ആത്മവിശ്വാസം തകര്‍ത്തു. 12 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

പിന്നാലെ കെ.എല്‍. രാഹുലിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ബെന്‍ സ്റ്റോക്‌സ് ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു. 39 റണ്‍സിനാണ് രാഹുല്‍ പുറത്തായത്. വാഷിങ്ടണ്‍ സുന്ദറിനെ ജോഫ്രാ ആര്‍ച്ചര്‍ ഒരു കിടിലന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. നിതീഷ് കുമാര്‍ റെഡ്ഡിയുടെ വിക്കറ്റാണ് ടീമിന് അവസാനമായി നഷ്ടപ്പെട്ടത്.

 

Content Highlight: IND vs ENG: Ravindra Jadeja scored a crucial half century in Day 5