ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആതിഥേയർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 77 റൺസാണ് നേടിയത്. ജോ റൂട്ടും ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 587 റൺസെടുത്തിരുന്നു. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. കൂടാതെ, നായകൻ ഒപ്പം ഉറച്ച് നിന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഇന്ത്യൻ ഇന്നിങ്സിൽ നിർണായക പങ്ക് വഹിച്ചിരുന്നു. താരം ഏഴാമനായി ഇറങ്ങി ഒരു സിക്‌സറും പത്ത് ഫോറും ഉൾപ്പെടെ 89 റൺസെടുത്തിരുന്നു. അതിന് പുറമെ ഗില്ലിനൊപ്പം 203 റൺസിന്റെ കൂട്ടുകെട്ടും സ്പിൻ ഓൾ റൗണ്ടർ പടുത്തുയർത്തിയിരുന്നു.

ഇംഗ്ലണ്ടിനെതിരെ അർധ സെഞ്ച്വറി നേടിയതോടെ ഒരു തകർപ്പൻ നേട്ടവും ജഡേജയ്ക്ക് സ്വന്തമാക്കാനായി. സേന രാഷ്ട്രങ്ങളിലെ ടെസ്റ്റിൽ ആറാം നമ്പറിലോ അതിൽ താഴെയോ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരങ്ങളിൽ മൂന്നാമനാവാണ് ജഡേജയ്ക്ക് സാധിച്ചത്. വി.വി.എസ്. ലക്ഷ്മണിനെ മറികടന്നാണ് താരം മൂന്നാമതെത്തിയത്.



