പന്തേ, ടെസ്റ്റിൽ നീയത് ചെയ്യരുത്; അഭ്യർത്ഥനയുമായി അശ്വിൻ
Sports News
പന്തേ, ടെസ്റ്റിൽ നീയത് ചെയ്യരുത്; അഭ്യർത്ഥനയുമായി അശ്വിൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th June 2025, 1:31 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി.

ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ഇന്നിങ്സിൽ അഞ്ച് സെഞ്ച്വറികളുണ്ടായിരുന്നു. വൈസ് ക്യാപ്റ്റൻ റിഷബ് പന്തായിരുന്നു അതിൽ രണ്ടെണ്ണം നേടിയത്. ആദ്യ ഇന്നിങ്സില്‍ പന്ത് 134 (178) റണ്‍സാണ് സ്വന്തമാക്കിയത്. ആറ് സിക്സും 12 ഫോറും ഉള്‍പ്പെടെയാണ് പന്ത് തന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

നിര്‍ണായകമായ രണ്ടാം ഇന്നിങ്സിലും താരം സെഞ്ച്വറിയടിച്ച് കരുത്ത് തെളിയിച്ചു. 140 പന്തില്‍ നിന്ന് മൂന്ന് സിക്സും 15 ഫോറും ഉള്‍പ്പെടെ 118 റണ്‍സാണ് താരം നേടിയത്. ഇതോടെ ഒരു ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാകാനും താരത്തിന് സാധിച്ചു.

ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയത് പന്ത് വളരെ വ്യത്യസ്തമായാണ് ആഘോഷിച്ചത്. ഫീൽഡിൽ കൈ കുത്തി മുന്നിലോട്ട് മറിഞ്ഞാണ് തന്റെ സെഞ്ച്വറി നേട്ടത്തിൽ പ്രതികരിച്ചത്. ഇക്കഴിഞ്ഞ ഐ.പി.എൽ സീസണിലും സെഞ്ച്വറി നേടിയപ്പോൾ ഇതേ രീതിയിൽ തന്നെയാണ് താരം ആഘോഷം നടത്തിയത്.

ഇപ്പോൾ ഈ ആഘോഷത്തെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. ഫീൽഡിൽ കൈ കുത്തി മുന്നിലോട്ട് മറിഞ്ഞുള്ള ആ ആഘോഷം ദയവായി ചെയ്യരുതെതെന്നും ടെസ്റ്റിൽ ശരീരം പെട്ടെന്ന് ക്ഷീണിക്കുമെന്നും താരം പറഞ്ഞു.

ഇന്ത്യൻ ടോപ് ഓർഡറിലെ പ്രധാന താരമാണ് പന്തെന്നും അതിനാൽ താരത്തിന് ആരെയും തന്റെ കഴിവ് തെളിയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് പന്തിനോട് ഒരു അഭ്യർത്ഥനയുണ്ട്. ഫീൽഡിൽ കൈ കുത്തി മുന്നിലോട്ട് മറിഞ്ഞുള്ള ആ ആഘോഷം ദയവായി ചെയ്യരുത്. ടെസ്റ്റിൽ നിങ്ങളെ ശരീരം പെട്ടെന്ന് ക്ഷീണിക്കും. 50 – 60 പന്തുകൾ നേരിടുന്ന ഐ.പി.എല്ലിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഈ ഫോർമാറ്റ്. ഇന്ത്യൻ ടോപ് ഓർഡറിലെ പ്രധാന താരമാണ് അവൻ. അതിനാൽ പന്തിന് ആരെയും തന്റെ കഴിവ് തെളിയിക്കേണ്ടതില്ല,’ അശ്വിൻ പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ വരാനിരിക്കുന്ന മത്സരം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. രോഹിത് ശര്‍മയുടെയേും വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷം ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശുഭ്മന്‍ ഗില്ലിന് വിജയത്തോടെ തുടങ്ങാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വലിയ പ്രതീക്ഷയുമായാണ് കളത്തിലിറങ്ങുക. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്.

Content Highlight: Ind vs Eng: R Ashwin urged Rishabh Pant to refain from performing front flip celebration