ജഡേജ പ്രശംസ അര്‍ഹിക്കുന്നു, പക്ഷേ... തുറന്ന് പറഞ്ഞ് ആര്‍. അശ്വിന്‍
Tendulkar - Anderson Trophy
ജഡേജ പ്രശംസ അര്‍ഹിക്കുന്നു, പക്ഷേ... തുറന്ന് പറഞ്ഞ് ആര്‍. അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th July 2025, 10:49 am

വിഖ്യാതമായ ലോര്‍ഡ്സ് സ്റ്റേഡിയത്തിലെ മത്സരത്തില്‍ ഇന്ത്യ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ പൊരുതി തോറ്റിരുന്നു. താരതമ്യേന ദുര്‍ബലമായ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 22 റണ്‍സിന്റെ തോല്‍വിയായിരുന്നു വഴങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന് പുറത്താവുകയായിരുന്നു.

അനായാസ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ ആതിഥേയരുടെ ബൗളിങ് യൂണിറ്റിന് മുമ്പില്‍ പതറുകയായിരുന്നു. ഒരു ഘട്ടത്തില്‍ മികച്ച നിലയിലായിരുന്നെങ്കിലും മുന്‍ നിര ബാറ്റര്‍മാര്‍ വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ മടങ്ങിയത് തിരിച്ചടിയാവുകയായിരുന്നു. എന്നാല്‍, എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് വാലറ്റം അവസാന നിമിഷം വരെ പോരാടി.

ഇന്ത്യയുടെ ചെറുത്തുനില്‍പ്പിന് ചുക്കാന്‍ പിടിച്ചത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു. താരത്തിന്റെ അപരാജിത അര്‍ധ സെഞ്ച്വറിയാണ് സന്ദര്‍ശകരുടെ തോല്‍വി ഭാരം കുറച്ചത്. 181 പന്തുകള്‍ നേരിട്ട് 61 റണ്‍സാണ് ജഡേജ സ്വന്തമാക്കിയിരുന്നത്. ഒരു സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഓള്‍ റൗണ്ടറുടെ ഇന്നിങ്സ്.

മത്സരത്തില്‍ ജഡേജ പുറത്തെടുത്ത പോരാട്ട വീര്യത്തിന് വലിയ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ ജഡേജയുടെ ഇന്നിങ്‌സിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. മത്സരം താനും മറ്റൊരും ക്രിക്കറ്ററും വിലയിരുത്തിയപ്പോള്‍ ജഡേജ കുറച്ച് കൂടി റിസ്‌ക് എടുക്കണമായിരുന്നുവെന്ന് തങ്ങള്‍ക്ക് തോന്നിയെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ, ജഡേജയുടെ ഇന്നിങ്സ് പ്രശംസ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആര്‍. അശ്വിന്‍.

The Indian player should have got the player of the tournament award; Ashwin said openly

‘മത്സരം നടക്കുന്നതിനിടെ ഞാന്‍ ഒരു വലിയ ക്രിക്കറ്ററുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ മൂന്നാം ടെസ്റ്റിനെ വിലയിരുത്തുകയായിരുന്നു. ജഡേജ കുറച്ച് കൂടി റിസ്‌ക് എടുക്കണമായിരുന്നുവെന്ന് ഞങ്ങള്‍ക്ക് ഇരുവര്‍ക്കും തോന്നി, ഒരുപാട് ഒന്നുമല്ല.

പക്ഷേ, അവന്റെ കളിക്ക് പ്രശംസ അര്‍ഹിക്കുന്നു. ടെസ്റ്റ് മത്സരങ്ങളില്‍ ക്ഷമയ്ക്ക് വലിയ പങ്കുണ്ടെന്ന് ജഡ്ഡു യുവതലമുറയ്ക്ക് കാണിച്ചു കൊടുത്തു. സ്ഥിരതയുള്ളതും നീണ്ടതുമായ ഒരു ഇന്നിങ്‌സിലൂടെ വലിയ ഒരു സ്‌കോറിനെ നേരിടാന്‍ കഴിയുമെന്ന് അവന്‍ തെളിയിച്ചു,’ അശ്വിന്‍ പറഞ്ഞു.

Content Highlight: Ind vs Eng: R. Ashwin says that Ravindra Jadeja should have taken a little more risk