ഞാൻ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; തന്റെ മോശം പ്രകടനങ്ങളിൽ പ്രതികരണവുമായി ഇന്ത്യൻ താരം
Sports News
ഞാൻ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; തന്റെ മോശം പ്രകടനങ്ങളിൽ പ്രതികരണവുമായി ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th June 2025, 10:37 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയായിരുന്നു ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി.

ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിൽ അഞ്ച് സെഞ്ച്വറികളുണ്ടായിരുന്നെങ്കിലും ഇംഗ്ലണ്ടിനോട് സന്ദർശകർ പരാജയപ്പെടുകയായിരുന്നു. ബൗളർമാർ നിറം മങ്ങിയതും ഫീൽഡിങ് പിഴവുകളുമായിരുന്നു ടീമിന്റെ പരാജയത്തിന്റെ കാരണങ്ങൾ. ജസ്പ്രീത് ബുംറയല്ലാതെ മറ്റൊരു ഫാസ്റ്റ് ബൗളറും തിളങ്ങിയിരുന്നില്ല.

 

മത്സരത്തിൽ ഒരുപാട് റൺസ് വിട്ടുകൊടുത്തിൽ ഏറെ വിമർശിക്കപ്പെട്ട താരമാണ് പ്രസിദ്ധ് കൃഷ്ണ. താരം രണ്ട് ഇന്നിങ്‌സുകളിലുമായി 35 ഓവറുകൾ എറിഞ്ഞ് 220 റൺസ് വിട്ടുനൽകിയിരുന്നു. ഇരു ഇന്നിങ്‌സുകളുമായി ഫാസ്റ്റ് ബൗളർ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. എന്നാൽ താരത്തിന്റെ എക്കോണമി ആറിന് മുകളിലായിരുന്നു. ആദ്യ ഇന്നിങ്സിൽ 6.40 ഉം രണ്ടാം ഇന്നിങ്സിൽ 6.13മായിരുന്നു താരത്തിന്റെ എക്കോണമി.

ഇപ്പോൾ തന്റെ പ്രകടനത്തിനെ കുറിച്ച് സംസാരിക്കുകയാണ് പ്രസിദ്ധ് കൃഷ്ണ. താൻ ആഗ്രഹിച്ച ലെങ്ങ്തിൽ എനിക്ക് പന്തെറിയാനായില്ലെന്നും ഫീൽഡിലെ സ്ലോപുമായി പൊരുത്തപ്പെടാൻ സമയമെടുത്തുവെന്നും താരം പറഞ്ഞു.

പ്രൊഫഷണൽ എന്ന നിലയിൽ തനിക്ക് അത് ചെയ്യാൻ കഴിയണമായിരുന്നുവന്നതിനാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് താരം കൂട്ടിച്ചേർത്തു. വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രസിദ്ധ് കൃഷ്ണ.

‘ഞാൻ ആഗ്രഹിച്ച ലെങ്ങ്തിൽ എനിക്ക് പന്തെറിയാനായില്ല. ഫീൽഡിലെ സ്ലോപുമായി പൊരുത്തപ്പെടാൻ സമയമെടുത്തു. അതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഒരു പ്രൊഫഷണൽ എന്ന നിലയിൽ എനിക്ക് അത് ചെയ്യാൻ കഴിയണമായിരുന്നു. ഞാൻ അതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അടുത്ത തവണ ഇത് നന്നായി ചെയ്യാൻ ശ്രമിക്കും,’ പ്രസിദ്ധ് പറഞ്ഞു.

 

 

അതേസമയം, ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. രണ്ടാം മത്സരത്തിൽ ജയിച്ച് പരമ്പരയിൽ സമനില നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ വരാനിരിക്കുന്ന മത്സരങ്ങൾ ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. രോഹിത് ശര്‍മയുടെയേും വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷം ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശുഭ്മന്‍ ഗില്ലിന് വിജയത്തോടെ തുടങ്ങാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വലിയ പ്രതീക്ഷയുമായാണ് കളത്തിലിറങ്ങുക.

Content Highlight: Ind vs Eng: Prasidh Krishna take full responsibility for his indifferent performance in the first test