ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള സ്‌ക്വാഡ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ 20 മുതല്‍ അഞ്ച് ടെസ്റ്റുകള്‍ക്കായാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തുന്നത്. രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും ടെസ്റ്റ് പടിയിറക്കത്തിന് ശേഷം ശുഭ്മന്‍ ഗില്ലിനെ നായകനാക്കിയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ഒരുങ്ങുന്നത്.
ഇംഗ്ലണ്ട് മണ്ണില്‍ ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയിക്കുക എന്ന വലിയ ലക്ഷ്യമാണ് ഗില്ലിന് മുമ്പിലുള്ളത്. സൗരവ് ഗാംഗുലി, വിരാട് കോഹ്‌ലി അടക്കമുള്ള ഇതിഹാസ ക്യാപ്റ്റന്‍മാര്‍ക്ക് സാധിക്കാത്ത നേട്ടമാണ് ഈ പരമ്പരയിലൂടെ ഗില്‍ ലക്ഷ്യമിടുന്നത്.
18 അംഗങ്ങളുള്ള സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 17 പേരും നിലവില്‍ വിവിധ ഐ.പി.എല്‍ ടീമുകളുടെ ഭാഗമാണ്.
ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നുമാണ് ഏറ്റവുമധികം പേര്‍ പരമ്പരയുടെ ഭാഗമായിരിക്കുന്നത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അടക്കം അഞ്ച് പേര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നും ദല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും മൂന്ന് പേര്‍ വീതം സ്‌ക്വാഡില്‍ ഇടം നേടിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും രണ്ട് താരങ്ങളും 18 അംഗ സ്‌ക്വാഡിലുണ്ട്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളില്‍ നിന്നും ഓരോ താരങ്ങളും സ്‌ക്വാഡിന്റെ ഭാഗമാണ്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളില്‍ നിന്നും ഒരാള്‍ക്ക് പോലും സ്‌ക്വാഡിലെത്താന്‍ സാധിച്ചിട്ടില്ല. ഇതിനൊപ്പം ഐ.പി.എല്ലിന്റെ ഭാഗമല്ലാത്ത ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് അഭിമന്യു ഈശ്വരന്‍ സ്‌ക്വാഡിന്റെ ഭാഗമാണ് എന്നതും ചേര്‍ത്തുവെക്കണം.