ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവിൽ ഇന്ത്യ 76 ഓവറുകൾ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് നേടിയിട്ടുണ്ട്.
ആദ്യ മത്സരത്തിലെ പ്ലെയിങ് ഇലവനിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ ആതിഥേയർക്കെതിരെ ഇറങ്ങിയത്. സൂപ്പർ താരം ജസ്പ്രീത് ബുംറയ്‌ക്ക് വിശ്രമം അനുവദിച്ചപ്പോൾ ഷർദുൽ താക്കൂർ, സായ് സുദർശൻ എന്നിവർക്കാണ് ടീമിലെ സ്ഥാനം നഷ്ടമായത്. ഇരുവർക്കും പകരക്കാരായി നിതീഷ് കുമാർ റെഡ്ഡിയും വാഷിങ്ടൺ സുന്ദറും ടീമിലെത്തി.
ഇപ്പോൾ ഇന്ത്യൻ ടീം സെലക്ഷനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം നവ്ജോത് സിങ് സിദ്ദു. ഇന്ത്യ തങ്ങളുടെ ബാറ്റിങ്ങിനെ ഭയക്കുന്നുവെന്ന് ഈ ടീം സെലക്ഷനിൽ വ്യക്തമാണെന്നും അതിനാൽ ബൗളിങ്ങിനെ ദുർബലപ്പെടുത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഈ ടീമിനെ പിന്തുണക്കുന്നുവെങ്കിലും തോൽവിയെ ഭയക്കുന്ന ഈ മനോഭാവത്തെ പിന്തുണക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു നവ്ജോത് സിങ് സിദ്ദു.
‘ഈ ടീം സെലക്ഷനിൽ ഒരു കാര്യം വ്യക്തമാണ്, ഭയം. ഇന്ത്യയുടെ ബാറ്റിങ്ങിൽ അവർക്ക് പേടിയുണ്ട്. അതിനാൽ ബൗളിങ്ങിനെ ദുർബലപ്പെടുത്തുകയാണ്. ഇത് വളരെ കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ബാറ്റിങ് ശക്തിപ്പെടുത്താൻ നിരവധി വിക്കറ്റുകൾ വീഴ്ത്താൻ കഴിയുന്ന നിങ്ങളുടെ മികച്ച താരങ്ങളെ കളിപ്പിക്കുന്നില്ല.
ഞാൻ ഈ ടീമിനെ പിന്തുണക്കുന്നു. പക്ഷേ, തോൽവിയെ ഭയക്കുന്ന ഈ മനോഭാവത്തെ പിന്തുണക്കാനാവില്ല. അത് അർത്ഥശൂന്യമാണ്. നിങ്ങൾ പരിഭ്രാന്തിയിലാണ് എന്നാണ് ഇത് കാണിക്കുന്നത്. നിങ്ങൾ ഭയത്തോടെ ഒരു ടീമിനെ തെരഞ്ഞെടുക്കുമ്പോൾ അത് പെട്ടെന്ന് വളരും. ഇവിടെ ഒരു നെഗറ്റീവ് മാനസികാവസ്ഥയാണ് ഉള്ളത്,’ സിദ്ദു പറഞ്ഞു.
അതേസമയം, ഒന്നാം ഇന്നിങ്‌സിൽ ബാറ്റിങ് തുടരുന്ന ഇന്ത്യയ്ക്കായി ക്രീസിലുള്ളത് നായകൻ ശുഭ്മൻ ഗില്ലും രവീന്ദ്ര ജഡേജയുമാണുള്ളത്. 181 പന്തുകൾ നേരിട്ട ഗിൽ 86 റൺസും ജഡേജ 47 പന്തിൽ നിന്ന് 30 റൺസും നേടിയാണ് ബാറ്റിങ് തുടരുന്നത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയത് ഓപ്പണർ യശസ്വി ജെയ്‌സ്വാളാണ്. താരം 107 പന്തുകൾ നേരിട്ട് 87 റൺസാണ് എടുത്തത്. 13 ഫോറുകൾ അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
താരത്തിന് പുറമെ, മൂന്നാം നമ്പറിൽ എത്തിയ കരുൺ നായർ 50 പന്തിൽ 31 റൺസുമെടുത്തു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ ഓപ്പണർ കെ.എൽ രാഹുലും നിതീഷ് കുമാർ റെഡ്ഡിയും നിരാശപ്പെടുത്തി. രാഹുൽ 26 പന്തിൽ നിന്ന് രണ്ട് റൺസ് നേടിയപ്പോൾ നിതീഷ് ഒരു റൺസ് മാത്രമാണ് സ്കോർ ചെയ്തത്.
ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ബ്രൈഡന്‍ കാര്‍സ്, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ഷോയബ് ബഷീര്‍ എന്നിവർ ഓരോ വിക്കറ്റുകൾ നേടി.