ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിലായിരുന്നു ഈ സൂപ്പര്‍ നേട്ടം. പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിന് കീഴില്‍ ഇറങ്ങിയാണ് ഇന്ത്യ ഇംഗ്ലണ്ടിന്റെ കുത്തക തകര്‍ത്തത്. ഗില്ലിന്റെയും മുഹമ്മദ് സിറാജിന്റെയും ആകാശ് ദീപിന്റെയും പ്രകടനങ്ങളുടെ കരുത്തിലാണ് സന്ദര്‍ശകര്‍ 336 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടിയത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ ഈ വിജയത്തോടെ ഇംഗ്ലണ്ടിനൊപ്പമെത്തി. ഒന്നാം മത്സരത്തില്‍ തോല്‍വിക്ക് പിന്നാലെ മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍ ഗില്ലിനെ വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും ഓണ്‍ ഫീല്‍ഡ് ഓറയിലെന്നായിരുന്നു വിമര്‍ശനം.
എന്നാല്‍ ഇപ്പോള്‍ എഡ്ജ്ബാസ്റ്റണിലെ വിജയത്തോടെ തന്റെ അഭിപ്രായം തിരുത്തുകയാണ് നാസര്‍ ഹുസൈന്‍. മാത്രമല്ല താരത്തെ പ്രശംസിക്കുകയും ചെയ്തു മുന്‍ ഇംഗ്ലണ്ട് നായകന്‍. ആദ്യ മത്സരത്തില്‍ ആര്‍ക്കാണ് നിയന്ത്രണമെന്ന് സംശയിപ്പിക്കുന്ന ഘടകങ്ങളുണ്ടായിരുന്നെങ്കില്‍ രണ്ടാം മത്സരത്തില്‍ ഗില്ലിന് തന്നെയാണ് ചുമതലയെന്ന് വ്യക്തമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഗില്ലൊരു ശാന്തനും സംയമനമുള്ള നായകനായതിനാല്‍ കോഹ്‌ലിയെ പോലൊരു അഗ്രസീവ് നായകനാവില്ലെന്നും അഭിപ്രായപ്പെട്ടു. ചിലപ്പോള്‍ ഇങ്ങനെ ഒരാളെയാണ് ടീമിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തോല്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ വിമര്‍ശിക്കാനും ജയിക്കുമ്പോള്‍ പ്രശംസിക്കാനും എളുപ്പമാണ്. പക്ഷേ, ഹെഡിങ്ലീ മത്സരം കണ്ടപ്പോള്‍ ആരാണ് യഥാര്‍ത്ഥത്തില്‍ നയിക്കുന്നതെന്ന് സംശയിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ടായിരുന്നു.
പക്ഷേ രണ്ടാം ടെസ്റ്റില്‍ ഗില്ലിന് തന്നെയായിരുന്നു ചുമതലയെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിക്കുമായിരുന്നു. മത്സരത്തില്‍ അവന്‍ നല്ല രീതിയില്‍ ഫീല്‍ഡ് പ്ലേസ്മെന്റുകള്‍ നടത്തിയിട്ടുണ്ടെങ്കിലും റിഷബ് പന്തിന്റെയും കെ.എല്‍ രാഹുലിന്റെയും സഹായം ആവശ്യമാണ്. പക്ഷേ അവന്റെ കൈയിലാണ് പൂര്‍ണ നിയന്ത്രണം.
അവന്‍ വളരെ ശാന്തനും സംയമനം ഉള്ളവനുമാണ്. അതുകൊണ്ട് കോഹ്‌ലിയെ ഒരു അഗ്രസീവ് ക്യാപ്റ്റനായിരിക്കില്ല ഗില്‍. പക്ഷേ, അവന്റെ ശാന്തത ഗുണം ചെയ്‌തേക്കാം. ചിലപ്പോള്‍ ടീമിനെ ശാന്തമായി നിലനിര്‍ത്താന്‍ ഇങ്ങനെ ഒരാളെ ആവശ്യമാണ്,’ നാസര്‍ ഹുസൈന്‍ പറഞ്ഞു.
Content Highlight: Ind vs Eng: Nasser Hussain says Shubhman Gill will not be fiery, intense captain like Virat Kohli