ഒന്നോ രണ്ടോ പ്രാവശ്യം സംഭവിച്ചാൽ മനസിലാക്കാം, എന്താണ് ഇത് നൽകുന്ന സിഗ്നൽ? ഇന്ത്യയെ രൂക്ഷ വിമർശിച്ച് മുരളി കാർത്തിക്
Sports News
ഒന്നോ രണ്ടോ പ്രാവശ്യം സംഭവിച്ചാൽ മനസിലാക്കാം, എന്താണ് ഇത് നൽകുന്ന സിഗ്നൽ? ഇന്ത്യയെ രൂക്ഷ വിമർശിച്ച് മുരളി കാർത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th June 2025, 6:59 pm

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ കഴിഞ്ഞ ദിവസം ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയർ മുമ്പിലെത്തി.

ഇപ്പോൾ തോൽ‌വിയിൽ ശുഭ്മൻ ഗില്ലിനെയും സംഘത്തെയും വിമർശിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്. 835 റൺസും ഒരു ബൗളർ അഞ്ച് വിക്കറ്റ് നേടിയിട്ടും നമ്മൾ അഞ്ച് വിക്കറ്റിന് തോറ്റുവെന്നതാണ് പ്രശ്‌നമെന്നും മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരുപാട് ക്യാപ്റ്റൻമാരുള്ളത് പോലെയാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

സീനിയർ കളിക്കാർ ഒന്നോ രണ്ടോ പ്രാവശ്യം ഉപദേശം നൽകുന്നത് മനസിലാക്കാമെന്നും പക്ഷേ ഇത് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത് നല്ലതല്ലെന്നും മുൻ സ്പിന്നർ കൂട്ടിച്ചേർത്തു. ക്രിക്ബസ്സിൽ സംസാരിക്കുകയായിരുന്നു മുരളി കാർത്തിക്.

‘നമുക്ക് നിരവധി ഒഴിവുകഴിവുകൾ ഉണ്ടാകാം. 835 റൺസും ഒരു ബൗളർ അഞ്ച് വിക്കറ്റ് നേടിയിട്ടും നമ്മൾ അഞ്ച് വിക്കറ്റിന് തോറ്റുവെന്നതാണ് പ്രശ്‌നം. എനിക്ക് മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരുപാട് ക്യാപ്റ്റൻമാരുള്ളത് പോലെയാണ് തോന്നിയത്.

കെ.എൽ രാഹുലും റിഷബ് പന്തും നിലവിലെ ക്യാപ്റ്റനായ ശുഭ്മൻ ഗില്ലും ഗ്രൗണ്ടിൽ നിർദേശം നൽകുന്നത് ഞാൻ കണ്ടു. സീനിയർ കളിക്കാർ ഒന്നോ രണ്ടോ പ്രാവശ്യം ഉപദേശം നൽകുന്നത് മനസിലാക്കാം. പക്ഷേ ഇത് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത് നല്ലതല്ല. ഇത് എന്ത് സിഗ്നലാണ് നൽകുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല,’ മുരളി പറഞ്ഞു.

മത്സരത്തിൽ ഗിൽ കൈകൊണ്ട തീരുമാനത്തെക്കുറിച്ചും മുരളി വിമർശിച്ചു. ഗിൽ ഒരു ഘട്ടത്തിൽ വളരെയധികം സമ്മർദത്തിലാണെന്ന് തോന്നിയെന്നും ഒരു വ്യക്തമായ പദ്ധതിയില്ലാതെ പന്ത് പോകുന്നിടത്തേക്ക് ഫീൽഡർമാരെ നീക്കുക മാത്രമാണ് ഇന്ത്യൻ നായകൻ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഗിൽ ഒരു ഘട്ടത്തിൽ വളരെയധികം സമ്മർദത്തിലാണെന്ന് തോന്നി. വ്യക്തമായ ഒരു പദ്ധതിക്ക് പകരം, പന്ത് പോകുന്നിടത്തേക്ക് ഫീൽഡർമാരെ നീക്കുക മാത്രമാണ് അവൻ ചെയ്തത്. ക്യാപ്റ്റനാകാൻ പ്രയാസമാണ്. ബാറ്റ് കൊണ്ട് അവൻ സ്വയം തെളിയിച്ചു.

പക്ഷേ, ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെക്കാത്തപ്പോൾ ക്യാപ്റ്റൻ എന്ന നിലയിൽ തെളിയിക്കുക ബുദ്ധിമുട്ടാണെന്ന് മത്സരത്തിൽ വ്യക്തമായിരുന്നു. ഇന്ത്യ 371 റൺസ് നേടിയെങ്കിലും, കളിയുടെ ആദ്യ സെഷനിൽ അവർക്ക് വിക്കറ്റ് വീഴ്ത്താൻ കഴിയുമെന്ന് ഒരിക്കലും തോന്നിയില്ല,’ മുരളി പറഞ്ഞു.

Content Highlight: Ind vs Eng: Murali Karthik Criticizes Indian team under Shubhman Gill