ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മത്സരത്തില്‍ സന്ദര്‍ശകര്‍ മിന്നും ജയം സ്വന്തമാക്കിയിരുന്നു. ആവേശം അവസാന നിമിഷം വരെ നിറഞ്ഞ മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പര സമനിലയില്‍ അവസാനിപ്പിക്കാന്‍ ഗില്ലിനും സംഘത്തിനും സാധിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പര 2-2നാണ് സമനിലയില്‍ പിരിഞ്ഞത്.
മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 367ന് പുറത്താവുകയായിരുന്നു. അവസാന നിമിഷങ്ങളില്‍ ആരാധകരുടെ നെഞ്ചിടിപ്പേറ്റി ആതിഥേയര്‍ വിജയിക്കുമെന്ന പ്രതീതി ജനിപ്പിച്ചു. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് സിറാജ് ഇന്ത്യയുടെ രക്ഷകനായി.
ഓവല്‍ ടെസ്റ്റിലെ നാലാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകളാണ് സിറാജ് നേടിയത്. 30.1 ഓവറുകള്‍ എറിഞ്ഞ് 104 റണ്‍സ് മാത്രം വിട്ടുനല്‍കിയായിരുന്നു താരത്തിന്റെ പ്രകടനം. 3.45 എക്കോണമിയില്‍ പന്തെറിഞ്ഞായിരുന്നു സിറാജ് ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ചത്. മത്സരത്തില്‍ ഗസ് ആറ്റ്കിന്‍സണിന്റെ വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്ക് വിജയം ഉറപ്പിച്ചതും പേസര്‍ തന്നെയായിരുന്നു.
അവസാന മത്സരത്തില്‍ മാത്രമല്ല, പരമ്പരയിലുടനീളം തകര്‍പ്പന്‍ പ്രകടനമായിരുന്നു സിറാജ് കാഴ്ചവെച്ചത്. ഈ പ്രകടനത്തോടെ താരം പരമ്പരയില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതായിരുന്നു. 23 വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും ഫാസ്റ്റ് ബൗളര്‍ക്ക് തന്റെ അക്കൗണ്ടിലാക്കാനായി.
ഇംഗ്ലണ്ടില്‍ ഇന്ത്യ ജയിച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമെന്ന റെക്കോഡാണ് സിറാജ് സ്വന്തമാക്കിയത്. 25 വിക്കറ്റുകള്‍ നേടിയാണ് താരം ഈ ലിസ്റ്റില്‍ ഒന്നാമത് എത്തിയത്. പിന്നിലുള്ള ഇഷാന്ത് ശര്‍മയെ ഏറെ പിന്നിലാക്കിയാണ് 31കാരന്റെ മുന്നേറ്റം.
ഇംഗ്ലണ്ടില്‍ ജയിച്ച ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍, വിക്കറ്റുകള്‍
മുഹമ്മദ് സിറാജ് – 25
ഇഷാന്ത് ശര്‍മ – 16
ജസ്പ്രീത് ബുംറ – 14
അനില്‍ കുംബ്ലെ – 13
ആകാശ് ദീപ് – 12
മത്സരത്തില്‍ സിറാജിന് പുറമെ, പ്രസിദ്ധ് കൃഷ്ണയും ആകാശ് ദീപും മികച്ച പ്രകടനങ്ങള്‍ നടത്തി. അവസാന ഇന്നിങ്‌സില്‍ പ്രസിദ്ധ് നാല് വിക്കറ്റും ആകാശ് ശേഷിക്കുന്ന ഒരു വിക്കറ്റും നേടി. ഒന്നാം ഇന്നിങ്‌സില്‍ സിറാജും പ്രസിദ്ധും നാല് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ ആകാശ് ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.
ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സില്‍ കരുണ്‍ നായര്‍ അര്‍ധ സെഞ്ച്വറിയുമായി കരുത്ത് കാട്ടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ യശസ്വി ജെയ്സ്വാള്‍ സെഞ്ച്വറി നേടിയിരുന്നു. കൂടാതെ, ആകാശ് ദീപും രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും അര്‍ധ സെഞ്ച്വറി അടിച്ച് തിളങ്ങി.
ആതിഥേയരായ ഇംഗ്ലണ്ടിനായി ഇരു ഇന്നിങ്‌സിലും ബൗളിങ്ങില്‍ മികവ് കാട്ടിയത് ഗസ് ആറ്റ്കിസ്റ്റണും ജോഷ് ടങ്ങുമായിരുന്നു. ഇരുവരും എട്ട് വിക്കറ്റുകള്‍ വീതമാണ് നേടിയത്. ബാറ്റിങ്ങില്‍ ഇരു ഇന്നിങ്‌സിലും ഹാരി ബ്രൂക്ക് മികച്ച പ്രകടനം പുറത്തെടുത്തു. താരത്തിന് പുറമെ, ഒന്നാം ഇന്നിങ്‌സില്‍ സാക്ക് ക്രൗളി അര്‍ധ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ ജോ റൂട്ട് സെഞ്ച്വറിയും അടിച്ചെടുത്തു.
Content Highlight: Ind vs Eng: Muhammed Siraj tops the list of most wickets for India in England in Won Test