ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിന് ഒരു നാൾ മാത്രം. നാളെയാണ് (ജൂൺ 20) അഞ്ച് മത്സരങ്ങളടങ്ങുന്ന ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നത്. 18 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയം സ്വപ്‍നം കണ്ടാണ് ഇന്ത്യൻ പട ലീഡ്‌സിൽ ഇറങ്ങുന്നത്.
പുതിയ ക്യാപ്റ്റന്മാരും ഒരു യുവനിരയുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പോരാടാനിറങ്ങുന്നത്. ശുഭ്മന്‍ ഗില്ലാണ് ഇന്ത്യൻ ടെസ്റ്റ് നായകനായി എത്തുന്നത്. കൂടാതെ, വൈസ് ക്യാപ്റ്റനായി റിഷബ് പന്തുമുണ്ട്. സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും അരങ്ങൊഴിഞ്ഞതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്.
ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് നിർണായകമാവുന്ന താരത്തെ തെരഞ്ഞെടുക്കുകയാണ് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. ഇന്ത്യൻ നിരയിൽ നിർണ്ണായക താരമാകാൻ സാധ്യതയുള്ള കളിക്കാരിൽ ഒരാളാണ് സായ് സുദർശനെന്നും ഇംഗ്ലണ്ടിന്റെ ബൗളർമാരെ വെല്ലുവിളിക്കാൻ താരത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് വിക്കറ്റുകൾ വീഴ്ത്താനും എക്കോണമിക്കലായി പന്തെറിയാനും കഴിയുന്നതിനാൽ ഷാർദുൽ താക്കൂറും പരമ്പരയിലെ ഗതി നിർണയിക്കുന്നവരിൽ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു മോണ്ടി പനേസർ.
‘ഈ പര്യടനത്തിലെ ഇന്ത്യക്കായി നിർണ്ണായക താരമാകാൻ സാധ്യതയുള്ള കളിക്കാരിൽ ഒരാളാണ് സായ് സുദർശൻ എന്നാണ് ഞാൻ കരുതുന്നത്. സറേയ്‌ക്കായി അവൻ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ബൗളർമാരെ വെല്ലുവിളിക്കാൻ കഴിവുള് ഒരു വ്യക്തിയാണ് അവൻ.
കൂടാതെ, ഷാർദുൽ താക്കൂറും മികച്ച പ്രകടനം നടത്തുമെന്നാണ് എനിക്ക് തോന്നുന്നത്. വിദേശത്ത് വിക്കറ്റുകൾ വീഴ്ത്താനും എക്കോണമിക്കലായി പന്തെറിയാനും കഴിയുന്ന താരമാണ് അവൻ. താക്കൂറിന് പന്ത് മുകളിലേക്ക് സ്വാഭാവികമായി പിച്ച് ചെയ്യാൻ കഴിയും. അതിനാൽ അവന് ഈ പര്യടനം നിർണായകമാകും,’ പനേസർ പറഞ്ഞു.