ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പുമായി ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജ്. ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ 12 റാങ്കുകള്‍ മെച്ചപ്പെടുത്തി 15ാം റാങ്കിലേക്കാണ് സിറാജ് പറന്നെത്തിയത്.
ഓവല്‍ ടെസ്റ്റിന് പിന്നാലെ 674 എന്ന റേറ്റിങ്ങാണ് സിറാജിനുള്ളത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് റേറ്റിങ്ങാണിത്.
ഓവലില്‍ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി ഒമ്പത് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ഫോര്‍ഫറുമായി തിളങ്ങിയ താരം രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച വിക്കറ്റടക്കം ഫൈഫറും പൂര്‍ത്തിയാക്കി.
ഓവല്‍ ടെസ്റ്റിന്റെ അവസാന ദിവസം നാല് വിക്കറ്റ് ശേഷിക്കെ 35 റണ്‍സ് മാത്രമായിരുന്നു ഇംഗ്ലണ്ടിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ വിജയത്തിന് ഏഴ് റണ്‍സകലെ ഇന്ത്യ ഈ നാല് വിക്കറ്റും പിഴുതെറിഞ്ഞു. അവസാന ദിവസം ആദ്യ സെഷനില്‍ തന്നെ സിറാജ് മൂന്ന് വിക്കറ്റും പ്രസിദ്ധ് ഒരു വിക്കറ്റും സ്വന്തമാക്കി.
ഈ പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും സിറാജിനെ തന്നെയായിരുന്നു.
For his relentless bowling display and scalping nine wickets, Mohd. Siraj bags the Player of the Match award in the 5th Test 👏👏
അതേസമയം, ടെസ്റ്റ് റാങ്കിങ്ങിലെ ടോപ് ത്രീ മാറ്റമില്ലാതെ തുടരുകയാണ്. ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്തും കഗീസോ റബാദ രണ്ടാം സ്ഥാനത്തും ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് മൂന്നാം റാങ്കിലുമാണ്.
മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ന്യൂസിലാന്‍ഡിന്റെ മാറ്റ് ഹെന്‌റിയാണ് ആദ്യ പത്തില്‍ നേട്ടമുണ്ടാക്കിയ താരം. ഹെന്‌റി കരിയര്‍ ബെസ്റ്റ് റേറ്റിങ്ങുമായി മൂന്ന് റാങ്ക് മെച്ചപ്പെടുത്തിയപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ് (ഓസ്‌ട്രേലിയ), നോമന്‍ അലി (പാകിസ്ഥാന്‍), സ്‌കോട്ട് ബോളണ്ട് (ഓസ്‌ട്രേലിയ) എന്നിവര്‍ക്ക് ഓരോ സ്ഥാനം താഴേക്കിറങ്ങേണ്ടി വന്നു.
മാറ്റ് ഹെന്‌റി
അതേസമയം, നഥാന്‍ ലിയോണ്‍, മാര്‍കോ യാന്‍സെന്‍, മിച്ചല്‍ സ്റ്റാര്‍ക് എന്നിവര്‍ യഥാക്രമം എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍ തുടരുകയാണ്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇംഗ്ലണ്ട് സൂപ്പര്‍ താരം ഗസ് ആറ്റ്കിന്‍സണും പത്താം റാങ്കിലേക്കുയര്‍ന്നു.
ഗസ് ആറ്റ്കിന്‍സണ്‍
15ാം റാങ്കിലുള്ള മുഹമ്മദ് സിറാജാണ് പട്ടികയിലെ രണ്ടാം ഇന്ത്യന്‍ താരം. മൂന്ന് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട രവീന്ദ്ര ജഡജേ 17ാമതാണ്.
കുല്‍ദീപ് യാദവ് 28ാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ ആറ് റാങ്ക് നഷ്ടടപ്പെട്ട് 52ാം സ്ഥാനത്തേക്ക് വീണു. 25 റാങ്ക് മെച്ചപ്പെടുത്തിയ പ്രസിദ്ധ് കൃഷ്ണ 59ാം സ്ഥാനത്തെത്തി.
(ഐ.സി.സി റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക)
Content Highlight: IND vs ENG: Mohammed Siraj achieves career best ranking in Test