ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ പരമ്പരയില്‍ ഇന്ത്യ ലോര്‍ഡ്‌സിലും പരാജയപ്പെട്ടിരുന്നു. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2 – 1ന് മുന്നിലെത്തി. ആദ്യ ടെസ്റ്റിലും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയായിരുന്നു ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം.
മത്സരത്തില്‍ അസാമാന്യ പോരാട്ട വീര്യമാണ് ഇന്ത്യയുടെ ലോവര്‍ ഓഡര്‍ കാഴ്ചവെച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് മുന്‍നിര ബാറ്റര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെക്കാത്തതായിരുന്നു വിനയായത്.
എന്നാല്‍ ഇന്ത്യയ്ക്കായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ അവസാന നിമിഷം വരെ ഒറ്റയാള്‍ പോരാട്ടം നടത്തി. അപരാജിത അര്‍ധ സെഞ്ച്വറിയുമായി ക്രീസില്‍ പിടിച്ചുനിന്ന ജഡേജയ്ക്ക് വാലറ്റം പിന്തുണ നല്‍കിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ഇപ്പോള്‍ ഈ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് അസറുദ്ദീന്‍. ഇന്ത്യ മികച്ച രീതിയില്‍ ബാറ്റ് ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് പോസിറ്റീവായിരുന്നില്ലെന്നും ടീമിന് കുറച്ച് നല്ല കൂട്ടുകെട്ടുകള്‍ ആവശ്യമായിരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് അസറുദ്ദീന്‍.
‘ഇന്ത്യ മികച്ച രീതിയില്‍ ബാറ്റ് ചെയ്തില്ല. രണ്ടാം ഇന്നിങ്‌സില്‍ പോസിറ്റീവായിരുന്നില്ല ഇന്ത്യയുടെ ബാറ്റിങ്. നമ്മുക്ക് നാലാം ദിനത്തിന്റെ അവസാനം നാല് വിക്കറ്റുകളാണ് നഷ്ടമായത്.
അഞ്ചാം ദിവസം എപ്പോഴും ടെസ്റ്റില്‍ കളി ജയിക്കുക ബുദ്ധിമുട്ടാണ്. അവസാന ദിവസം ബാറ്റ് ചെയ്യുന്നത് ഒരിക്കലും എളുപ്പമല്ല. നമ്മുക്ക് കുറച്ച് നല്ല കൂട്ടുകെട്ടുകള്‍ ആവശ്യമായിരുന്നു,’ അസറുദ്ദീന്‍ പറഞ്ഞു.
Content Highlight: Ind vs Eng: Mohammed Azharuddin says that India didn’t batt well in third test against England