ഈ താരത്തെ ന്യൂ ബോൾ ഏൽപ്പിക്കണമായിരുന്നു; തോൽവിയ്ക്ക് പിന്നാലെ പ്രതികരണവുമായി മദൻ ലാൽ
Sports News
ഈ താരത്തെ ന്യൂ ബോൾ ഏൽപ്പിക്കണമായിരുന്നു; തോൽവിയ്ക്ക് പിന്നാലെ പ്രതികരണവുമായി മദൻ ലാൽ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th June 2025, 3:48 pm

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയർ മുമ്പിലെത്തി.

ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റർമാർ രണ്ട് ഇന്നിങ്‌സുകളിലുമായി അഞ്ച് സെഞ്ച്വറികളാണ് അടിച്ചു കൂട്ടിയത്. എന്നിട്ടും ഇന്ത്യ മത്സരത്തിൽ ആതിഥേയരോട് പരാജയപ്പെടുകയായിരുന്നു. മത്സരത്തിലുടനീളം മേൽ കൈ നേടാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഇന്ത്യയ്ക്ക് മുതലാക്കാനായിരുന്നില്ല.

രണ്ടാം ഇന്നിങ്സിൽ ബുംറയടക്കമുള്ള ബൗളർമാർ ഒന്നടങ്കം നിറം മങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. ഇതിനെല്ലാം പുറമെ ഇന്ത്യയുടെ മോശം ഫീൽഡിങ്ങും തോൽ‌വിയ്ക്ക് കാരണമായി.

ഇപ്പോൾ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം മദൻ ലാൽ. നമ്മുടെ ബൗളർമാർ കുറച്ച് കൂടെ നന്നായി പന്തെറിയണമായിരുന്നുവെന്നും ജയിക്കാൻ മൂന്നോ നല്ലോ ബൗളർമാർ പ്രകടനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷർദുൽ താക്കൂറിനെ ന്യൂ ബോളിൽ പന്തെറിയിക്കണമായിരുന്നുവെന്നും അത് മത്സരത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫീൽഡിങ്ങിൽ പിഴവുകൾ ഉണ്ടായിരുന്നുവെന്നത് ഒഴിച്ചാൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയതെന്നും മുൻ താരം കൂട്ടിച്ചേർത്തു. എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മദൻ ലാൽ.

‘നമ്മുടെ ബൗളർമാർ കുറച്ച് കൂടെ നന്നായി പന്തെറിയണമായിരുന്നു. ഒരു ബൗളറെ വെച്ച് നമുക്ക് വിജയിക്കാനാവില്ല. മൂന്നോ നല്ലോ ബൗളർമാർ പ്രകടനം നടത്തേണ്ടതുണ്ട്. ഷർദുൽ താക്കൂറിനെ ന്യൂ ബോളിൽ പന്തെറിയിക്കണമായിരുന്നു. അവന് തുടക്കത്തിൽ ഒരു മാറ്റം വരുത്താൻ കഴിയുമായിരുന്നു.

ഫീൽഡിങ്ങിൽ പിഴവുകൾ ഉണ്ടായിരുന്നുവെന്നത് ഒഴിച്ചാൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. അവിടെയാണ് നമുക്ക് മത്സരം നഷ്ടമായതും. മത്സരത്തിൽ അഞ്ച് ഇന്ത്യൻ ബാറ്റർമാരും രണ്ട് ഇംഗ്ലണ്ട് താരങ്ങളും സെഞ്ച്വറി നേടിയതും അവസാന ദിവസം വരെ കളി നീണ്ടുപോയതും കണ്ടു. അതാണ് ഒരു ടെസ്റ്റ് മത്സരത്തെ രസകരമാക്കുന്നത്,’ മദൻ ലാൽ പറഞ്ഞു.

Content Highlight: Ind vs Eng: Madan Lal says that Shardul Thakur should have taken the new ball