ഐ.പി.എല്ലും വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആവേശവും കെട്ടടങ്ങിയതോടെ ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയ്ക്കാണ് ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്നത്. 18 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഇംഗ്ലണ്ടിൽ ഒരു പരമ്പര ജയിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
പരമ്പരയ്ക്കായി നേരത്തെ തന്നെ ബി.സി.സി.ഐ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
ഇപ്പോൾ പരമ്പരയെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം മദൻ ലാൽ. ഇന്ത്യയ്ക്ക് മികച്ച ബൗളിങ് യൂണിറ്റ് ഉള്ളതിനാൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നും ഒരു താരത്തെ മാത്രം ആശ്രയിച്ചാൽ ജയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബുംറ ഒരു പ്രധാന താരമാണെന്നും മറ്റുള്ളവരും താരത്തിന് പിന്തുണ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ജൂൺ 20 മുതൽ ടെസ്റ്റ് പരമ്പര ആരംഭിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം, പക്ഷേ ഇന്ത്യയ്ക്ക് മികച്ച ബൗളിങ് യൂണിറ്റ് ഉള്ളതിനാൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയും. ടെസ്റ്റ് മത്സരങ്ങൾ ജയിക്കാൻ വേണ്ടത് ശക്തമായ ബൗളിങ് ആക്രമണമാണ്.
ഒരു കളിക്കാരനെ മാത്രം അടിസ്ഥാനമാക്കി ഇത്രയും വലിയ പരമ്പര ജയിക്കാൻ കഴിയില്ല. മറ്റ് കളിക്കാരും സംഭാവന നൽകേണ്ടതുണ്ട്. ബുംറ ഒരു പ്രധാന കളിക്കാരനാണ്, അദ്ദേഹം ഒന്നാം നമ്പർ ബൗളറാണ്, പക്ഷേ മറ്റ് കളിക്കാരും വിക്കറ്റുകൾ വീഴ്ത്തേണ്ടി വരും,’ ലാൽ പറഞ്ഞു.