10,731 റണ്‍സും 371 വിക്കറ്റും; 8 വര്‍ഷത്തിന് ശേഷം തിരിച്ചുവരവ്, ഇംഗ്ലണ്ടിന്റെ പുതിയ ആയുധം
Sports News
10,731 റണ്‍സും 371 വിക്കറ്റും; 8 വര്‍ഷത്തിന് ശേഷം തിരിച്ചുവരവ്, ഇംഗ്ലണ്ടിന്റെ പുതിയ ആയുധം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 15th July 2025, 6:53 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സസണ്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിലും വിജയിച്ച് ആതിഥേയര്‍ പരമ്പരയില്‍ ലീഡ് നേടിയിരിക്കുകയാണ്. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സിന്റെ വിജയം സ്വന്തമാക്കിയതിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1നാണ് ഇംഗ്ലണ്ട് ലീഡെടുത്തിരിക്കുന്നത്.

ജൂലൈ 23 മുതല്‍ 27 വരെയാണ് ഇംഗ്ലണ്ട് – ഇന്ത്യ പരമ്പരയിലെ നാലാം മത്സരം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡാണ് വേദി.

നാലാം ടെസ്റ്റിനായുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ് ആതിഥേയര്‍. ഹാംഷെയറിന്റെ സ്പിന്‍ ബൗളര്‍ ലിയാം ഡോവ്‌സണെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് നാലാം ടെസ്റ്റിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ലോര്‍ഡ്‌സില്‍ മുഹമ്മദ് സിറാജിന്റെ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച ഷോയ്ബ് ബഷീറിനെ റീപ്ലേസ് ചെയ്തുകൊണ്ടാണ് ഡോവ്‌സണ്‍ ടീമിന്റെ ഭാഗമായിരിക്കുന്നത്.

2017ലാണ് അവസാനമായി താരം ഇംഗ്ലണ്ടിനായി ടെസ്റ്റ് കളിച്ചത്. ഹാംഷെയറിനായി ആഭ്യന്തര തലത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഡോവ്‌സണെ വീണ്ടും ഇംഗ്ലണ്ട് ജേഴ്‌സിയിലെത്തിച്ചത്.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 35.29 ശരാശരിയില്‍ 10,731 റണ്‍സ് താരം നേടിയിട്ടുണ്ട്. 18 സെഞ്ച്വറിയും 56 അര്‍ധ സെഞ്ച്വറിയും അടങ്ങുന്നതാണ് താരത്തിന്റെ ഫസ്റ്റ് ക്ലാസ് കരിയര്‍.

പന്തെറിഞ്ഞ് 31.54 ശരാശരിയില്‍ 371 വിക്കറ്റുകളും ഇടംകയ്യന്‍ സ്പിന്നര്‍ നേടിയിട്ടുണ്ട്. മൂന്ന് ടെന്‍ഫറുകള്‍ തന്റെ പേരിന് നേരെ കുറിച്ച താരം 15 ഫൈഫറുകളും 14 ഫോര്‍ഫറുകളും സ്വന്തമാക്കിയിട്ടുണ്ട്.

നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജോഫ്രാ ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, ജേകബ് ബേഥല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സ്, സാക്ക് ക്രോളി, ലിയാം ഡോവ്‌സണ്‍, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്. ജോ റൂട്ട്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടംഗ്, ക്രിസ് വോക്‌സ്.

 

Content Highlight: IND vs ENG: Liam Dawson include in 4th Test against India