വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയോടെയാണ് ഇന്ത്യ 2025-27 സൈക്കിളിന് തുടക്കമിടുന്നത്. വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും വിരമിക്കലിന് ശേഷമുള്ള ആദ്യ പരമ്പര എന്ന പ്രത്യേകതയും ഈ പര്യടനത്തിനുണ്ട്.
ക്യാപ്റ്റനായി ചുമതലയേറ്റ ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ച് ഈ പര്യടനം ഏറെ നിര്‍ണായകവുമാണ്. ഇംഗ്ലണ്ടില്‍ മികച്ച ട്രാക്ക് റെക്കോഡില്ലാത്ത ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം മാത്രമാകും ഗില്ലിന് മുമ്പിലുണ്ടാവുക.
വിരാട് കോഹ്‌ലിയും മഹേന്ദ്ര സിങ് ധോണിയും അടക്കമുള്ള ക്യാപ്റ്റന്‍മാര്‍ പരിശ്രമിച്ച് പരാജയപ്പെട്ട മണ്ണിലേക്കാണ് ടെസ്റ്റ് പരമ്പര ലക്ഷ്യം വെച്ച് ഗില്ലും സംഘവും ഇറങ്ങുന്നത്.
ഇപ്പോള്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം കുല്‍ദീപ് യാദവ്. ഒരു ടീമിനെ എങ്ങനെ നയിക്കണമെന്ന് ഗില്ലിന് നന്നായി അറിയാമെന്നും നിരവധി സീനിയര്‍ താരങ്ങള്‍ക്ക് കീഴില്‍ കളിച്ച അനുഭവ സമ്പത്ത് ഗില്ലിനുണ്ടെന്നും കുല്‍ദീപ് യാദവ് പറഞ്ഞു.
‘ഒരു ടീമിനെ എങ്ങനെ നയിക്കണമെന്ന് ശുഭ്മന്‍ ഗില്ലിന് നന്നായി അറിയാം. കഴിഞ്ഞ കാലങ്ങളില്‍ അവന്‍ നിരവധി സീനിയര്‍ താരങ്ങള്‍ക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തന്നെ കളിക്കളത്തില്‍ അവന്‍ രോഹിത് ഭായിക്കൊപ്പം നിരവധിയായ ചര്‍ച്ചകള്‍ നടത്തുന്നത് നിങ്ങള്‍ കണ്ടുകാണും. ടെസ്റ്റില്‍ മാത്രമല്ല, ഏകദിനത്തിലും.
അതില്‍ നിന്നെല്ലാം അവന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു എന്ന് എനിക്കുറപ്പാണ്. ഒരു ലീഡര്‍ എന്ന നിലയില്‍, ഞാന്‍ മനസിലാക്കിയിടത്തോളം അവന്‍ ഏറെ ആവേശഭരിതനും ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വലിയ പങ്ക് വഹിക്കുന്നവനുമാണ്.
ഇവിടെ കളിച്ച കുറച്ച് സെഷനുകള്‍ കൊണ്ടുതന്നെ അവന്‍ മറ്റ് നായകന്‍മാരെ പോലെ കഴിവുള്ളവനാണെന്ന് എനിക്ക് മനസിലായി. ഞങ്ങളെ നയിക്കാന്‍ ഗില്‍ പൂര്‍ണ സജ്ജനാണ്,’ കുല്‍ദീപ് യാദവ് പറഞ്ഞു.
ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുക എന്ന ബാലികേറാമലയാണ് ഗില്ലിന് മുമ്പിലുള്ളത്. ഇംഗ്ലണ്ട് വേദിയാകുന്ന ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യയുടെ ട്രാക്ക് റെക്കോഡ് തീര്‍ത്തും നിരാശാജനകമാണ് എന്നതുതന്നെ കാരണം. 1932 മുതല്‍ 19 തവണയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. ഇതില്‍ മൂന്ന് പരമ്പര മാത്രമാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ പരമ്പര വിജയിക്കാന്‍ സാധിച്ചത്.
വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ 2021ല്‍ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങള്‍ അവസാനിക്കവെ 2-1ന്റെ ലീഡുമായി ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്.
ഒരു വര്‍ഷത്തിനിപ്പുറം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പരമ്പരയിലെ അവസാന മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ബുംറയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ മത്സരം പരാജയപ്പെടുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.