ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയില്ലാതെയായിരുന്നു ഇന്ത്യ കളത്തിലിറങ്ങിയത്. നിര്‍ണായക അഞ്ചാം ടെസ്റ്റിന് മുമ്പ് താരത്തിനെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
നേരത്തെ, വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി ബുംറ ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളുവെന്ന് കോച്ച് വ്യക്തമാക്കിയിരുന്നു. ഒന്നാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും നാലാം മത്സരത്തിലും പേസര്‍ കളിച്ചിരുന്നു. അതിനാല്‍ തന്നെ ഓവലില്‍ താരം ടീമില്‍ ഉണ്ടാവാതിരുന്നപ്പോള്‍ വര്‍ക്ക് ലോഡ് മാനേജ്‌മെന്റ് കരണമായിരിക്കും എന്നാണ് എല്ലാവരും കരുതിയിരുന്നത്.
എന്നാല്‍, ഓവലില്‍ ബുംറയുടെ അഭാവത്തിന് കാരണം മറ്റൊന്നാണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തെ അവസാന ടെസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ കാരണം. പേരുവെളിപ്പെടുത്താത്ത ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ബുംറയ്ക്ക് നിലവില്‍ കാല്‍മുട്ടിന് പരിക്കുണ്ട്. എന്നാല്‍ സ്ഥിതി ഗുരുതരമല്ലെന്നും ശസ്ത്രക്രിയ ആവശ്യമില്ലെന്നുമാണ് ശുഭവാര്‍ത്ത. അദ്ദേഹത്തിന്റെ സ്‌കാനിങ് ഫലങ്ങള്‍ക്കായി ബി.സി.സി.ഐയുടെ മെഡിക്കല്‍ സംഘം കാത്തിരിക്കുകയാണ്,’ ബി.സി.സി.ഐ വൃത്തം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അതേസമയം, അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റിങ് തുടരുകയാണ്. നിലവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് എടുത്തിട്ടുണ്ട്. ആതിഥേയര്‍ക്ക് ഇനി ജയിക്കാന്‍ 11 റണ്‍സ് കൂടി നേടിയാല്‍ മതി.
അഞ്ചാം ദിവസത്തില്‍ ജെയ്മി സ്മിത്തിന്റേയും ജെയ്മി ഒവര്‍ട്ടണിന്റെയും ജോഷ് ടങ്ങിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് അഞ്ചാം ദിനം രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണയാണ് ഒരു വിക്കറ്റ് നേടിയത്.
Content Highlight: Ind vs Eng: Knee Injury is the real reason behind unavailability of Jasprit Bumrah in final test: Report